

കൊല്‍ക്കത്ത: പുതിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്ത്രീകളേയും ദരിദ്രരേയും ലക്ഷ്യമിട്ടുള്ള ജനക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മീന്‍കൂട്ടിയുള്ള ചോറ്, സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അന്നപൂര്‍ണ യോജന, മദ്യശാലകള്‍ക്ക് നിയന്ത്രണം എന്നിവയുള്‍പ്പെടുന്നതാണ് പദ്ധതികള്‍.
സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ നല്‍കുന്നതാണ് അന്നപൂര്‍ണ യോജന പദ്ധതി. ഇതിനായുള്ള അപേക്ഷാ ഫോമുകള്‍ മെയ് 27 മുതല്‍ വിതരണം ചെയ്യും. ആരാധനാലയങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഒരു കിലോമീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ അനുവദിക്കില്ലെന്നും സുവേന്ദു സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പാവപ്പെട്ടവര്‍ക്കായി ഉച്ചയൂണ് പദ്ധതിയാണ് മറ്റൊന്ന്. അഞ്ച് രൂപയ്ക്ക് ഫിഷ് കറി മീല്‍സ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം തിരഞ്ഞെടുക്കപ്പെട്ട 400 കാന്റീനുകളിലൂടെയാകും ഉച്ചയൂണ് വിതരണം.
സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് വേര്‍പെടുത്തിക്കൊണ്ട് പുതിയതായി ആയുഷ് വകുപ്പ് രൂപീകരിക്കുമെന്നും സുവേന്ദു അധികാരി അറിയിച്ചു.
അധികാരത്തിലെത്തിയതിനു പിന്നാലെ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സമൂലമായ മാറ്റങ്ങളാണ് പശ്ചിമ ബംഗാളില്‍ നടപ്പിലാക്കുന്നത്. 'അനധികൃത' താമസക്കാര്‍ എന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കാന്‍ ഹോള്‍ഡിങ് സെന്ററുകള്‍ സ്ഥാപിക്കാനായി ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. 'നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുക, നീക്കം ചെയ്യുക, നാടുകടത്തുക' എന്നതായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്.
നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അവരെ തടങ്കലിലാക്കി നാടുകടത്തുന്നതിനായി ബിഎസ്എഫിന് കൈമാറാനും മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി.