
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച പതിനൊന്ന് പേരുടെ വിവരങ്ങള്‍ പുറത്തുവന്നു. മരിച്ചവരെല്ലാം 35 വയസ്സിന് താഴെ പ്രായമുള്ളവരാണ്. 13 വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
മരണപ്പെട്ടവരില്‍ മൂന്ന് പേര്‍ കൗമാരക്കാരും ആറ് പേര്‍ 20 നും 30 നും ഇടയില്‍ പ്രായമുള്ളവരുമാണ്. പതിനെട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഐപിഎല്‍ കിരീടം ആര്‍സിബി ആദ്യമായി നേടിയത് ആഘോഷിക്കാന്‍ അയല്‍ ജില്ലകളില്‍ നിന്നു വരെ ആളുകള്‍ ബെംഗളൂരുവില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്നവരില്‍ ഭൂരിഭാഗവും യുവാക്കളും കുട്ടികളുമാണ്. പലരും വീട്ടില്‍ അറിയിക്കാതെ സുഹൃത്തുക്കളുമായാണ് എത്തിയത്. 47 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. എസ് ദിവ്യാന്‍ഷി (13), ദോരേഷ (32), ഭൂമിക് (20), സഹന (25), അക്ഷത (27), മനോജ് (33), ശ്രാവണ്‍ (20), ദേവി (29), ശിവലിംഗ (17), ചിന്മയി (19), പ്രജ്വല് (20) എന്നിവരാണ് മരിച്ചത്.
അതേസമയം, ആര്‍സിബിയുടെ വിജയാഘോഷം നടത്താന്‍ അനുമതി തേടി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ കത്ത് പുറത്തു വന്നു. ഇതോടെ, വിധാന്‍ സൗദയ്ക്ക് സമീപം വിജയാഘോഷത്തെ കുറിച്ച് അവസാന നിമിഷമാണ് അറിയിച്ചതെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. ജൂണ്‍ നാലിന് പരിപാടി നടത്താന്‍ അനുമതി തേടി ജൂണ്‍ മൂന്നിന് ക്രിക്കറ്റ് അസോസിയേഷന്‍ കത്ത് നല്‍കിയിരുന്നു. വിധാന്‍ സൗദ ഡിപിഎആറിന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ കത്ത് ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇതോടെ തയ്യാറെടുപ്പിന് സമയം ലഭിച്ചില്ലെന്ന പോലീസ് നിലപാടും പൊളിഞ്ഞു.
അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ബംഗളുരുവിലെ വിജയാഹ്ലാദത്തിനിടെയുണ്ടായ ദുരന്തത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണം ഇന്നാരംഭിക്കാനിരിക്കെയാണ് കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അപകടം നടന്ന ചിന്നസ്വാമി സ്റ്റേഡിയം കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര സന്ദര്‍ശിച്ചിരുന്നു. മജിസ്‌ട്രേറ്റ് തല അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മന്ത്രി സ്റ്റേഡിയം സന്ദര്‍ശിച്ചത്.
ഇതിനിടയില്‍, ദുരന്തത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും മുറുകുകയാണ്, ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയന്ദ്ര ആവശ്യപ്പെട്ടു. ബെംഗളൂരു താരങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ നിരവധി പേര്‍ മരിച്ചിരുന്നുവെന്നും, എന്തുകൊണ്ട് സര്‍ക്കാര്‍ പരിപാടി നിര്‍ത്തിവെച്ചില്ലായെന്നും വിജയന്ദ്ര ചോദിച്ചു. ആംബുലന്‍സ് ഒരുക്കാത്തതുള്‍പ്പടെ ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായതെന്നും ബി ജെ പി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
ദുരന്തം അറിഞ്ഞതിന് പിന്നാലെ പരിപാടി വെട്ടിക്കുറച്ചെന്ന് ആര്‍സിബി മാനേജ്മന്റ് വ്യക്തമാക്കി. ദുരന്തത്തില്‍ അതീവ ദുഃഖത്തിലാണെന്നും പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും വിരാട് കോലി കുറിപ്പ് പങ്കുവെച്ചു. എന്നാല്‍ ദുരന്തത്തിന് പിന്നാലെ കോലിയുള്‍പ്പടെ താരങ്ങള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.