പാറ്റ്ന: ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് കൊട്ടികലാശം. 121 മണ്ഡലങ്ങളിൽ വൈകിട്ട് 5 മണിയോടെ പരസ്യപ്രചരണം അവസാനിക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഭക്തിയാർപൂർ , ബഗുസറായി മണ്ഡലങ്ങളിലും പട്നയിലും കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിവും ഹൈ വോൾട്ടേജ് പ്രചരണവുമായി മുന്നണികൾ സജീവമാണ്.
ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത് . ഒന്നാം സ്ഥാനം നടക്കുന്നത് നവംബർ 6 ന് രണ്ടാം ഘട്ടത്തിൽ നവംബർ 11 നും ആളുകൾ വോട്ട് രേഖപ്പെടുത്തും. രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെ പോളിംഗ് തുടരും. എന്നിരുന്നാലും, ചില സെൻസിറ്റീവ് പ്രദേശങ്ങളിൽ, പോളിംഗ് ഒരു മണിക്കൂർ മുമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിക്കും. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 എണ്ണം നവംബർ 6 നും ബാക്കി 122 എണ്ണം നവംബർ 11 നും വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രത്യേക റാൻഡമൈസേഷൻ ഐടി ആപ്ലിക്കേഷൻ വഴി റാൻഡം പോളിംഗ് പാർട്ടികൾ രൂപീകരിക്കുമെന്ന് ഇസിഐ അറിയിച്ചു.
നവംബർ 14 ന് രാവിലെ 8 മണി മുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണൽ ആരംഭിക്കും. തുടക്കത്തിൽ പോസ്റ്റൽ ബാലറ്റുകളാകും എണ്ണുക. എന്നാൽ പുതിയ നിയമം അനുസരിച്ച്, റിട്ടേണിംഗ് ഓഫീസർമാരുടെ പക്കൽ ബാലറ്റുകളുടെ ഡാറ്റ ഇല്ലെങ്കിൽ, ഇവിഎം വോട്ടെണ്ണലിന്റെ അവസാന റൗണ്ടുകൾ നടക്കില്ല. വോട്ടെണ്ണൽ ദിവസം വൈകുന്നേരത്തോടെ വ്യക്തമായ ചിത്രം ലഭിക്കും. ഔദ്യോഗിക ഫലങ്ങൾ പുറത്തുവരാൻ കൂടുതൽ സമയമെടുത്തേക്കാം. ഫലപ്രഖ്യാപനത്തിനു ശേഷം നവംബർ 22 ന് മുൻപ് തന്നെ സർക്കാർ രൂപീകരിക്കണം.
പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ,കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ പി നദ്ദ, ബിജെപി മുഖ്യമന്ത്രിമാർ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി, തേജസ്വി യാദവ്, പ്രിയങ്ക ഗാന്ധി വാദ്ര, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുൻനിര പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ നിരവധി പേരെ, അണിനിരത്തിയാണ് മുന്നണികൾ ജനങ്ങളെ ആകർഷിക്കുന്നത്. എൻഡിഎയും ഇൻഡ്യാ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. ജൻ സുരാജ്, എഐഎംഐഎം, തുടങ്ങിയ പാർട്ടികളാകട്ടെ സ്വന്തം നിലയിലാണ് പോരാട്ടം നടത്തുന്നത്. വിജയത്തിൽ കുറഞ്ഞ ഒന്നും തന്നെ പ്രധാന മുന്നണികൾക്ക് മുന്നിലില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് തവണയാണ് മോദി ബിഹാറിൽ പ്രചാരണത്തിനെത്തിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. അതേ നാണയത്തിൽ തിരിച്ചടിച്ച് അദാനി- അംബാനി മോദി കൂട്ടുകെട്ടിനെ പരിഹസിച്ച് രാഹുലും മറുപടി നൽകിയിരുന്നു.