സുപ്രീംകോടതിയിലെത്തിയ 'പരേതർ', '124 വയസുള്ള' കന്നി വോട്ടര്‍; പിന്നെ പുറത്താക്കപ്പെട്ട 65 ലക്ഷം പേരും

''എന്റെ പേര് വെട്ടുമ്പോള്‍ ഒരു രേഖയും അവര്‍ ചോദിച്ചില്ലല്ലോ. ഇപ്പോള്‍ ചേര്‍ക്കാന്‍ എന്തൊക്കെ രേഖകളാണ് ആവശ്യമായി വരുന്നത്''
സുപ്രീംകോടതിയിലെത്തിയ 'പരേതർ', '124 വയസുള്ള' കന്നി വോട്ടര്‍; പിന്നെ പുറത്താക്കപ്പെട്ട 65 ലക്ഷം പേരും
Published on

വലിയ എതിര്‍പ്പുകള്‍ മറികടന്നാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നത്. കരട് വോട്ടര്‍ പട്ടിക പുറത്തുവന്നപ്പോള്‍ 65 ലക്ഷം പേരാണ് പുറത്തായത്. ജീവിച്ചിരിക്കുന്ന പലരെയും മരിച്ചതായി കണക്കാക്കി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍, നാടകീയ രഗങ്ങളാണ് സുപ്രീം കോടതിയില്‍ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചതായി കണക്കാക്കി പട്ടികയില്‍ നിന്ന് പുറത്താക്കിയ രണ്ട് പേരെയാണ് അഭിഭാഷകന്‍ യോഗേന്ദ്ര യാദവ് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. ഇതോടെ കരട് പട്ടികയില്‍ തെറ്റുകളുണ്ടെങ്കില്‍ അത് റദ്ദാക്കേണ്ടി വരുമെന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു.

സുപ്രീംകോടതിയിലെത്തിയ 'പരേതർ', '124 വയസുള്ള' കന്നി വോട്ടര്‍; പിന്നെ പുറത്താക്കപ്പെട്ട 65 ലക്ഷം പേരും
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും മാംസം കഴിക്കുന്നതും തമ്മില്‍ എന്താണ് ബന്ധം? പൗര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഉത്തരവുകള്‍

യോഗേന്ദ്ര യാദവ് സുപ്രീം കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരില്‍ ഒരാളാണ് മിന്റു പാസ്വാന്‍. തന്നെ മാത്രമല്ല, കേരളത്തില്‍ ജോലി ചെയ്യുന്ന സഹോദരനെയും മരിച്ചതായി കണക്കാക്കി കരട് പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നാണ് മിന്റു പാസ്വാന്‍ ദ വയറിനോട് പ്രതികരിച്ചത്.

'എന്റെ പേര് എടുത്ത് ഒഴിവാക്കിയെന്നും എന്നെ മരിച്ചതായി പ്രഖ്യാപിച്ചെന്നും ആളുകള്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ഓണ്‍ലൈനില്‍ ഞാന്‍ പരാതി നല്‍കി. വീഡിയോ തയ്യാറാക്കി. ഇപ്പോള്‍ അവര്‍ എന്റെ ബാങ്ക് രേഖകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമൊക്കെ ചോദിക്കുകയാണ്. എന്റെ പേര് വെട്ടുമ്പോള്‍ ഒരു രേഖയും അവര്‍ ചോദിച്ചില്ലല്ലോ. ഇപ്പോള്‍ ചേര്‍ക്കാന്‍ എന്തൊക്കെ രേഖകളാണ് ആവശ്യമായി വരുന്നത്,' മിന്റു പാസ്വാന്‍ പറഞ്ഞു.

ആറയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ് മിന്റു പാസ്വാന്‍. അദ്ദേഹം പറയുന്നത് താന്‍ 2014ലും 2019ലും 2020ലും 2024ലും വോട്ട് ചെയ്തിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ആരെങ്കിലും പറയുന്നത് കേട്ട് തന്നെ മരിച്ചതായി കണക്കാക്കുക എന്നാണ്.

'തെരഞ്ഞെടുപ്പ് കമ്മീഷന് തിരക്കാണ്. ഒരാള്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നൊക്കെ അവര്‍ നേരിട്ട് കാണണം. അവര്‍ അയല്‍വക്കക്കാരോടെങ്കിലും അന്വേഷിക്കണം. ഒരാള്‍ മരിച്ചെന്ന് മറ്റൊരാള്‍ പറഞ്ഞു എന്നതുകൊണ്ട് യഥാര്‍ഥത്തില്‍ മരിച്ചെന്ന് വരില്ല. ഞാന്‍ 2014, 2019, 2020, 2024 എന്നീ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്റെ വീട്ടില്‍ അന്വേഷിച്ച് വന്നിട്ടില്ല. എന്റെ പേര് വെട്ടിയതിന് പിന്നാലെ പരാതി നല്‍കിയിരുന്നു. അപ്പോള്‍ മാത്രമാണ് ഓഫീസര്‍മാര്‍ വീട്ടില്‍ വന്നത്,' എന്നും മിന്റു പാസ്വാന്‍ പറഞ്ഞു.

സുപ്രീംകോടതിയിലെത്തിയ 'പരേതർ', '124 വയസുള്ള' കന്നി വോട്ടര്‍; പിന്നെ പുറത്താക്കപ്പെട്ട 65 ലക്ഷം പേരും
"സവർക്കറുടെ അനുയായികള്‍ക്ക് ശത്രുത, ജീവന് ഭീഷണിയുണ്ട്"; പൂനെ കോടതിയില്‍ രാഹുല്‍ ഗാന്ധി

മിന്റു പാസ്വാനെയും മറ്റൊരു സ്ത്രീയെയും കോടതിയില്‍ ഹാജാരാക്കാനുള്ള യോഗേന്ദ്ര യാദവിന്റെ നീക്കത്തെ നാടകമെന്നാണ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞത്. എന്നാല്‍ ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ വ്യാപക ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു. മിന്‍ത ദേവിയെന്ന യുവതിയ്ക്ക് 124 വയസെന്നാണ് രേഖപ്പെടുത്തിയത്. 124 വയസുള്ള കന്നി വോട്ടര്‍ ആയാണ് മിന്‍ത ദേവിയെ വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു.

മിന്‍താ ദേവിയുടെ ഫോട്ടോ പതിച്ച ടീഷര്‍ട്ടും ധരിച്ചു കൊണ്ടാണ് പ്രതിപക്ഷം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചത്. എന്നാല്‍ ചെറിയ ഒരു അച്ചടി പിശക് മാത്രമാണ് സംഭവിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ച് നല്‍കിയിരിക്കുന്ന വിശദീകരണം. കരട് വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് ആരോപണങ്ങള്‍ വെളിവാകുമ്പോഴും ഇതുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com