"സവർക്കറുടെ അനുയായികള്‍ക്ക് ശത്രുത, ജീവന് ഭീഷണിയുണ്ട്"; പൂനെ കോടതിയില്‍ രാഹുല്‍ ഗാന്ധി

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്ന പൂനെ ഫസ്റ്റ് ക്ലാസ് സ്‌പെഷ്യൽ ജഡ്ജി അമോൽ ഷിൻഡെയെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിSource: ANI
Published on

പൂനെ: സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെയും തനിക്കെതിരായ മാനനഷ്ടക്കേസിന്റെയും പശ്ചാത്തലത്തില്‍ ജീവന് ഭീഷണിയുണ്ടെന്ന് പൂനെ കോടതിയെ അറിയിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. തനിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്ന പൂനെ ഫസ്റ്റ് ക്ലാസ് സ്‌പെഷ്യൽ ജഡ്ജി അമോൽ ഷിൻഡെയെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. സർക്കാരില്‍ നിന്ന് സുരക്ഷയും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

നാഥുറാം ഗോഡ്‌സെയെയും ഗോപാൽ ഗോഡ്‌സെയെയും പോലെയുള്ള ചില വ്യക്തികൾ രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണിയാണെന്നാണ് അഭിഭാഷകൻ മിലിന്ദ് ദത്താത്രേയ പവാർ ഇന്ന് കോടതിയില്‍ സമർപ്പിച്ച അപേക്ഷയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന് തെളിവുകൾ സഹിതം ആരോപിച്ചുകൊണ്ട് രാഹുൽ ഗാന്ധി അടുത്തിടെ ന്യൂഡൽഹിയിൽ ഒരു പത്രസമ്മേളനം നടത്തിയതായി പവാർ കോടതിയെ അറിയിച്ചു. "വോട്ട് മോഷ്ടാക്കളായ സർക്കാർ" പോലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാഹുല്‍ പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധവും നടത്തി. കൂടാതെ, പാർലമെന്റിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെ, പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിൽ ചൂടേറിയ വാക്ക് തർക്കം ഉണ്ടായെന്നും ഇത് പൊതുജനങ്ങൾക്ക് നന്നായി അറിയാവുന്ന കാര്യമാണെന്നും പവാർ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി
"ഇന്ത്യക്കാരിയാകും മുന്‍‌പ് സോണിയാ ഗാന്ധി വോട്ടർ പട്ടികയില്‍, ഇത് ക്രമക്കേടല്ലെങ്കില്‍ പിന്നെന്ത്?" ആരോപണവുമായി ബിജെപി

ഈ സാഹചര്യത്തിൽ, മാനനഷ്ടക്കേസിലെ പരാതിക്കാരൻ സത്യകി സവർക്കർ, സവർക്കറുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ആളുകൾ, അധികാരത്തിലുള്ള സവർക്കറുടെ നിലവിലെ രാഷ്ട്രീയ അനുയായികൾ എന്നിവർ രാഹുൽ ഗാന്ധിയോട് ശത്രുത പുലർത്തിയേക്കാമെന്ന് അപേക്ഷയില്‍ പറയുന്നു. മുൻപ് ബിജെപി എംപി മർവ "രാഹുൽ ഗാന്ധിക്ക് മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അതേ വിധി നേരിടേണ്ടിവരും" എന്ന് പറഞ്ഞതായും എംപി ബിട്ടു സിംഗ് രാഹുൽ ഗാന്ധിയെ "തീവ്രവാദി" എന്ന് മുദ്രകുത്തിയതായും അപേക്ഷ ഓർമിപ്പിച്ചു.

2025 ജൂലൈ 29ന് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച സത്യകി സവർക്കർ രേഖാമൂലം നൽകിയ പ്രസ്താവന പ്രകാരം, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ പ്രധാന പ്രതിയായ നാഥുറാം ഗോഡ്‌സെയുടെയും ഗോപാൽ ഗോഡ്‌സെയുടെയും ചെറുമകനാണ്. 2023 മാർച്ചില്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ സവർക്കറിനെപ്പറ്റി നടത്തിയ പരമാർശത്തിനാണ് രാഹുലിനെതിരെ സത്യകി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സവർക്കറിന്റെ എഴുത്തുകളില്‍ പറയുന്ന ഒരു സന്ദർഭത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. സവർക്കർ ഒരു മുസ്ലീമിനെ മർദ്ദിച്ചുവെന്നും അത് സവർക്കറിന് ആനന്ദകരമായി അനുഭവപ്പെട്ടുവെന്നുമാണ് രാഹുല്‍ പ്രസംഗിച്ചത്.

രാഹുല്‍ ഗാന്ധി
വയനാട്ടില്‍ വ്യാജ വോട്ടര്‍മാരുണ്ട്, പ്രിയങ്ക ഗാന്ധി രാജിവെക്കുമോ?; 'വോട്ട് ചോരി' ആരോപണം പ്രതിപക്ഷത്തിനെതിരെ തിരിക്കാന്‍ ബിജെപി

ഈ കേസിൽ നിലവിൽ രാഹുൽ ഗാന്ധി ജാമ്യത്തിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തങ്ങളുടെ ആശങ്ക ഔദ്യോഗികമായി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് രാഹുലിന്റെ അഭിഭാഷകൻ പവാർ പറഞ്ഞു. അപേക്ഷ കോടതി രേഖാമൂലം സ്വീകരിച്ചിട്ടുണ്ട്. അടുത്ത വാദം സെപ്റ്റംബർ 10 ന് നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com