

ഡൽഹി: കുടിക്കാനെടുക്കുന്ന വെള്ളത്തിൽ പോലും സുരക്ഷിതത്വമില്ലേ? ദാഹം തീർക്കാൻ നമ്മൾ വിശ്വസിച്ച് വാങ്ങുന്ന കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡുകളിലൊന്നായ ബിസ്‌ലേരി ഇപ്പോൾ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിരീക്ഷണത്തിലാണ്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിയന്ത്രണ ഏജൻസിയായ FSSAI ആണ് ബിസ്‌ലേരി ഇൻ്റർനാഷണലിനെതിരെ നിയമനടപടിക്ക് അനുമതി നൽകിയിരിക്കുന്നത്. കമ്പനിയുടെ പാക്കേജ്‌ഡ് ഡ്രിങ്കിങ് വാട്ടർ സാമ്പിൾ സുരക്ഷിതമല്ലെന്ന് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബിസ്‌ലേരിയുടെ മാനുഫാക്ചറിങ് യൂണിറ്റിൽ നിന്ന് ശേഖരിച്ച വെള്ളത്തിൻ്റെ സാമ്പിളിലാണ് ആദ്യമായി പ്രശ്നം കണ്ടെത്തിയത്. വെള്ളത്തിൽ അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന അളവിൽ ബ്രോമേറ്റ് കണ്ടെത്തിയതിനെ തുടർന്ന് കുടിവെള്ളം സുരക്ഷിതമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ പ്രഖ്യാപിച്ചു.
എന്നാൽ പരിശോധനാ ഫലത്തിനെതിരെ കമ്പനിക്ക് അപ്പീൽ നൽകാൻ അവകാശമുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി സാമ്പിൾ മറ്റൊരു റഫറൽ ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചു. അവിടെയും ഫലം ആശ്വാസകരമായിരുന്നില്ല. പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബൺസ് അഥവാ PAHs എന്ന രാസവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തി. ഇതോടെ രണ്ടാമത്തെ പരിശോധനയിലും ബിസ്‌ലേരിയുടെ കുടിവെള്ളം സുരക്ഷിതമല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു.
ബ്രോമേറ്റും PAHs-ഉം ക്യാൻസറുമായി ബന്ധപ്പെടുത്തപ്പെടുന്ന കാർസിനോജെനിക് പദാർത്ഥങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് നിയമപ്രകാരം ബിസ്‌ലേരി ഇൻ്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനാണ് FSSAI അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബിസ്‌ലേരിയുടെ എല്ലാ കുപ്പികളിലെയും വെള്ളം സുരക്ഷിതമല്ലെന്നല്ല ഈ പരിശോധന തെളിയിക്കുന്നത്. പരിശോധനയ്ക്കായി ശേഖരിച്ച പ്രത്യേക സാമ്പിളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. എന്തായാലും, കോടിക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന കുപ്പിവെള്ളത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. വെള്ളം ജീവനാണ്. ആ വെള്ളം തന്നെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യമുണ്ടാകരുത്. ബ്രാൻഡിൻ്റെ വിശ്വാസ്യതയേക്കാൾ പ്രധാനം ഓരോ തുള്ളി വെള്ളത്തിൻ്റെയും സുരക്ഷിതത്വമാണെന്ന് ഓർമിപ്പിക്കുകയാണ് ഈ സംഭവം...
അതേസമയം, നടപടിയിൽ വിശദീകരണവുമായി ബിസ്‌ലെറി തന്നെ രംഗത്തെത്തി. കുടിവെള്ളത്തിൻ്റെ സുരക്ഷ ഏറ്റവും പ്രധാനമാണെന്നും 90ലധികം പരിശോധനകൾ അടങ്ങിയ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളാണ് പാലിക്കുന്നതെന്നും കമ്പനി അറിയിച്ചു. വിഷയം പരിഹരിക്കുന്നതിന് FSSAIയുമായി തുടർന്നും സഹകരിക്കും. വർഷങ്ങളായി ജനങ്ങളുടെ വിശ്വാസം നേടിയ ബ്രാൻഡ് എന്ന നിലയിൽ ബിസ്‌ലെറി കുടിക്കാൻ സുരക്ഷിതമാണെന്നും കമ്പനി വിശദീകരിച്ചു.
പരാതി ഉയർന്നത് 2025 സെപ്തംബറിൽ ഗോവയിൽ ഉൽപാദിപ്പിച്ച ബാച്ചുമായി ബന്ധപ്പെട്ടാണെന്നും, ഗോവയിൽ നിന്ന് ശേഖരിച്ച ആറു സാമ്പിളുകളിൽ ഒന്നിലാണ് അനുവദനീയമായതിനേക്കാൾ 2 മൈക്രോഗ്രാം ബ്രോമേറ്റിന്റെ അളവ് കൂടുതലായി രേഖപ്പെടുത്തിയതെന്നും ബിസ്‌ലെറി അറിയിച്ചു. തുടർന്ന് FSSAIയുടെ അംഗീകൃത ലബോറട്ടറിയിൽ സാമ്പിൾ സ്വതന്ത്രമായി പരിശോധിച്ചു.
പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയിരുന്നു. ഫലം പിന്നീട് FSSAI വെസ്റ്റേൺ റീജിയണൽ ഓഫിസിൽ സമർപ്പിച്ചെങ്കിലും അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ലെന്നും ബിസ്‌ലെറി വിശദീകരിക്കുന്നു.