

ഡൽഹി: ജനാധിപത്യം ഏറ്റവും ഫലപ്രദമായ ഭരണ സംവിധാനങ്ങളിൽ ഒന്നാണെങ്കിലും അത് സൃഷ്ടിക്കുന്ന വിഭജനം വളരെ വിചിത്രമായ ഒരു കാര്യമാണെന്നും അതിൻ്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചെറുതും പ്രാദേശികവുമായ താൽപ്പര്യങ്ങൾ മുന്നോട്ടുവരുമ്പോള്‍ ദേശീയ താല്‍പ്പര്യത്തിന് വേണ്ടത്ര വില കിട്ടുന്നില്ലെന്നും, പലപ്പോഴും ദേശീയ താൽപ്പര്യങ്ങൾ സ്വകാര്യ താൽപ്പര്യങ്ങളാൽ തഴയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ ഏകതാ ദിവസത്തിൽ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ജനാധിപത്യം പക്ഷപാതപരമായ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു. അതിൽ ഭിന്നതകളുണ്ട്. വിഭജനം വളരെ വിചിത്രമായ ഒരു കാര്യമാണ്. ആകെ 100 ആളുകളുള്ള ഒരു സ്ഥലത്ത് എനിക്ക് 25 പേർ അനുയായികളായി ഉണ്ടെങ്കിൽ, ബാക്കിയുള്ളവരെ ഇരുപതിൽ താഴെ മാത്രം വരുന്ന ഗ്രൂപ്പുകളായി വിഭജിക്കാൻ കഴിഞ്ഞാൽ എനിക്ക് അധികാരത്തിലെത്താൻ കഴിയും. ഇവിടെ ഭൂരിപക്ഷം 51 ആക്കുക എന്നതൊരു ഘടകമല്ല. മറിച്ച് സമൂഹത്തിലെ ബാക്കിയുള്ളവരെ കഴിയുന്നത്ര കഷ്ണങ്ങളായി വിഭജിക്കുക എന്നതാണ് ഉദ്ദേശം. ആ വിഭജനമാണ് അപകടം. ജനാധിപത്യത്തിൽ ചില നല്ല കാര്യങ്ങളോടൊപ്പം തന്നെ അതും സംഭവിക്കുന്നു. പക്ഷേ, ജനാധിപത്യത്തിൻ്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ച് നാം ജാഗ്രത പാലിക്കണം," അജിത് ഡോവൽ പറഞ്ഞു.
"ജനാധിപത്യ രാജ്യങ്ങളിൽ പണം പ്രധാന പങ്കുവഹിക്കുന്നുണ്ട്. അത് നിയമാനുസൃതമായ പങ്കായാലും നിയമവിരുദ്ധമായ പങ്കായാലും, നിയമപരമായി അംഗീകരിക്കപ്പെട്ടതായാലും നിയമവിരുദ്ധമായി അംഗീകരിക്കപ്പെട്ടതായാലും വസ്തുത അതാണ്. നിങ്ങളുടെ ആദർശം, ദർശനം, ചിന്ത, ദേശസ്‌നേഹം എന്നിവയ്ക്ക് പണത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കേണ്ടതുണ്ട്. പലപ്പോഴും ദേശീയ താൽപ്പര്യത്തെ നിക്ഷിപ്ത താൽപ്പര്യങ്ങൾ മറയ്ക്കുന്നു," ഡോവൽ പറഞ്ഞു.
"ഈ നിക്ഷിപ്ത താൽപ്പര്യങ്ങൾ എന്നത് കൊണ്ട്, അഴിമതിക്കാരാണെന്നോ സത്യസന്ധർ അല്ലെന്നോ ഉള്ള വളരെ നെഗറ്റീവും വ്യക്തിപരമായ അർത്ഥത്തിലല്ല ഞാൻ ഇത് ഉദ്ദേശിക്കുന്നത്. വളരെ പ്രാദേശികവും ചെറുതുമായ ഒരു താൽപ്പര്യത്തിൻ്റെ പേരിൽ ദേശീയ താൽപ്പര്യത്തിന് പ്രാധാന്യം കുറയുന്നുവെന്നാണ്. അപ്പോൾ നമ്മൾ എങ്ങനെയാണ് അതിനെ ചെറുക്കേണ്ടത്? നമ്മുടെ മുഴുവൻ നിയമവ്യവസ്ഥയേയും, ചട്ടങ്ങളെയും, നടപടിക്രമങ്ങളെയും പരിശോധിച്ച് അവയെ കൂടുതൽ ജനസൗഹൃദമാക്കണം. നമ്മുടെ നയങ്ങളും പദ്ധതികളും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കപ്പെടുകയും ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകുകയും വേണം," അജിത് ഡോവൽ വിശദീകരിച്ചു.