ചെന്നൈ: തമിഴ്നാട്ടിൽ ഭരണം പിടിക്കാൻ വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കാൻ ബിജെപി ശ്രമം ആരംഭിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തിന് പിന്നാലെയാണ് വാർത്ത പുറത്തുവരുന്നത്. വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് ടിവികെ വൃത്തങ്ങൾ സൂചിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിവികെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി ആയിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ എത്തിയത്. ഇതിനിടെ ഡിഎംകെ വിരുദ്ധ മുന്നണിയിൽ പരമാവധി കക്ഷികളെ ഉൾക്കൊള്ളിക്കണമെന്ന നിർദേശം അമിത് ഷാ ബിജെപിക്ക് നൽകി. ഏതുവിധേനെയും ടിവികെയെ ഒപ്പം നിർത്താനാണ് ബിജെപിയുടെ ശ്രമം. ഡിഎംകെയും ബിജെപിയുമൊഴികെ ആരുമായും സഖ്യമുണ്ടാക്കുമെന്നു പറഞ്ഞിരുന്ന ടിവികെ, വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ സഖ്യമുണ്ടാക്കുമെന്ന് നിലപാട് മയപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ടിവികെ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് നേരത്തേ ടിവികെ സൂചന നൽകിയിരുന്നെങ്കിലും ചർച്ചകൾ എങ്ങുമെത്തിയിരുന്നില്ല. ഇതിനിടെ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിൻ്റെ പാർട്ടിയും ടിവികെയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. 20 സീറ്റുകളാണ് പനീർസെൽവം ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തേ, ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായുമാണ് ടിവികെ പ്രഖ്യാപിച്ചിരുന്നത്. കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം വിജയ് ബിജെപിക്ക് കൈകൊടുക്കുമോ എന്നാണ് പാർട്ടി അണികളും ആരാധകരും ഉറ്റുനോക്കുന്നത്.