

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ 6 വയസുകാരിയെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി പരാതി. ബെംഗാളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത്. മൃതദേഹം പ്ലാസ്റ്റിൽ ബാഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് ജനുവരി ആറിന് പരാതി നൽകിയിരുന്നു. അയൽക്കാരനായ അന്യ സംസ്ഥാന തൊഴിലാളിയെ സംശയമുള്ളതായും പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളും അയൽക്കാരും തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം.
കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം കുട്ടിയ്ക്കായി അടുത്ത പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തൊട്ടടുത്ത അതിഥി തൊഴിലാളി കോളനിയായ പട്ടന്തൂർ അഗ്രഹാരയിലെ ഒരു ഓടയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും എന്നാൽ ലൈംഗിക പീഡനത്തിൻ്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.