ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ ആരാധകൻ എന്ന നിലയിൽ ശ്രദ്ധേയനായ യുവ യൂട്യൂബർക്കെതിരായ വന്‍ തട്ടിപ്പ് ആരോപണം. സോഷ്യൽ മീഡിയയിലൂടെ വ്യാജ 'വർക്ക് ഫ്രം ഹോം' അവസരങ്ങൾ പ്രചരിപ്പിച്ച് ഫോളോവേര്‍സില്‍ നിന്നും പണം തട്ടിയെന്നാണ് 15 വയസ്സുകാരനായ കൊടുവായ് അൻപിനെതിരെ ഉയരുന്ന പരാതി.
അന്‍പ് ചെല്‍വം എന്ന 15 വയസ്സുകാരനായ കൊടുവായ് അൻപിന് ഇന്‍സ്റ്റഗ്രാമില്‍ 0.6 മില്ല്യണും, യൂട്യൂബില്‍ 2.9 മില്ല്യണ്‍ ഫോളോവേര്‍സ് ഉണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂരിലെ കൊടുവൈ എന്ന സ്ഥലമാണ് അന്‍പിന്‍റെ സ്വദേശം. വർക്ക് ഫ്രം ഹോം പദ്ധതികളിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഫോളോവേഴ്സിൽ നിന്ന് പണം തട്ടിയെന്നാണ് അന്‍പിനെതിരായ ആരോപണം. ചെറിയ തുക നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ അത് ഇരട്ടിയായി തിരികെ നൽകാമെന്ന് അൻപ് വിശ്വസിപ്പിച്ചതായി ഓൺലൈനിൽ പങ്കുവെച്ച പരാതികളിൽ പറയുന്നു.
ജോലി അല്ലെങ്കിൽ പെട്ടെന്നുള്ള ലാഭം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് 1,000 മുതൽ 10,000 രൂപ വരെ നഷ്ടപ്പെട്ടതായി ആളുകൾ പറയുന്നു. പണം കൈപ്പറ്റിയ ശേഷം അൻപ് ഫോൺ കോളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കാറില്ലെന്നും ജോലിയോ ലാഭവിഹിതമോ ആർക്കും ലഭിച്ചിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. പല യുവാക്കളെയും താന്‍ വിജയ് ആരാധകനാണ് അതിനാല്‍ പറ്റിക്കുമോ എന്ന് പറഞ്ഞാണ് വിശ്വസിപ്പിച്ചത് എന്നാണ് വെളിപ്പെടുത്തൽ.
തട്ടിപ്പിന് ഇരയായ പലരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സമാനമായ തട്ടിപ്പുകളിൽ വീഴരുതെന്ന് ഇവർ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ആദ്യകാലത്ത് ചലഞ്ച് വീഡിയോകളിലൂടെയും മറ്റും അളുകളെ കൂട്ടിയ അന്‍പ് അടുത്തകാലത്തായി നടന്‍ വിജയ്‍യുടെ കടുത്ത ആരാധകനായും, ടിവികെ പ്രവര്‍ത്തകനുമായാണ് പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെ അമ്മയ്ക്ക് മഹീന്ദ്ര ഥാർ കാർ സമ്മാനമായി നൽകിയതിന്റെ വീഡിയോ വൈറലായതോടെ അൻപ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. തമിഴകത്ത് വന്‍ വൈറവായി മാറിയിരുന്നു ഈ വീഡിയോ. എന്നാൽ ഈ വാഹനം വാങ്ങാൻ ഉപയോഗിച്ച പണം ഇത്തരം തട്ടിപ്പുകളിലൂടെ സമ്പാദിച്ചതാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
എന്നാൽ താൻ ആരെയും പറ്റിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൻപ് ഒരു വീഡിയോയിലൂടെ വിശദീകരിച്ചു. താന്‍ ബെറ്റിംഗ് ആപ്പ് വഴിയാണ് പണം ഉണ്ടാക്കിയത് എന്നും അന്‍പ് വീഡിയോയില്‍ പറയുന്നു. ഫോളോവേഴ്സില്‍ നിന്നും വാങ്ങിയ പണം ഘട്ടംഘട്ടമായി തിരികെ നൽകുമെന്നും തന്റെ പുതിയ കാർ കണ്ടുള്ള അസൂയയാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും അൻപ് അവകാശപ്പെട്ടു.
യുവ ഇൻഫ്ലുവൻസർമാർ ഇത്തരം സാമ്പത്തിക പദ്ധതികൾ പ്രചരിപ്പിക്കുന്നതും,അതിലെ അപകടസാധ്യതയെക്കുറിച്ചും തമിഴ്നാട്ടില്‍ വലിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായി. അൻപിനെതിരെ നിയമനടപടി വേണമെന്നും ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ ശക്തമായ നിരീക്ഷണം വേണമെന്നുമാണ് സോഷ്യൽ മീഡിയയിലെ പൊതുവികാരം. സംഭവത്തില്‍ ഇതുവരെ നിയമപരമായ നടപടികള്‍ ഒന്നും എടുത്തിട്ടില്ല.