

മുംബൈ: രാജ്യമാകെ വിദ്യാർഥി പ്രക്ഷോഭം ആളി കത്തുന്നതിനിടെ പൊലീസിനെ ഒറ്റയ്ക്ക് നേരിട്ട് 27 കാരി. മുംബൈ ദാദറിലെ ശിവാജി പാർക്കിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പൊലീസ് വാഹനം തടഞ്ഞാണ് റിയ ആഹിർ എന്ന 27 കാരി രാജ്യത്തിൻ്റെ മുഴുവൻ ശ്രദ്ധ നേടിയത്.
ജീവിതത്തിൽ ആദ്യമായാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും ചെയ്യുന്നത് ശരിയാണെന്ന ബോധ്യമുള്ളത് കൊണ്ടാണ് ഭയം ഉണ്ടായിട്ടും വാഹനത്തിനു മുന്നിൽ നിന്ന് മാറാതിരുന്നതെന്നും റിയ പറഞ്ഞു. മഴയത്ത് വെള്ള ഹുഡിയും തൊപ്പിയും അണിഞ്ഞ് പൊലീസ് വാഹനത്തെ തൻ്റെ രണ്ട് കൈയ്യും കൊണ്ട് തടഞ്ഞു നിർത്തുന്ന പോരാട്ട വീര്യത്തിന് മുന്നിൽ പൊലീസ് അടിയറവ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു. വാഹനം തടഞ്ഞതിന് പിന്നാലെ എഞ്ചിൻ ഇരപ്പിച്ച് വിരട്ടാൻ ശ്രമിച്ചെങ്കിലും റിയ പിന്മാറായില്ല. ഉറക്കെ മുദ്രാവാക്യം വിളിക്കുകയും വിദ്യാർഥികളെ വിട്ടയക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
മോഡൽ, നടി, സംരംഭക എന്നീ നിലകളിലും ശ്രദ്ധേയയാണ് റിയ ആഹിർ. 13 വർഷമായി നാടക രംഗത്ത് സജീവമാണ്. ചെറിയ സംഗീത ആൽബങ്ങളിലും റിയ ഭാഗമായിട്ടുണ്ട്. പ്രാദേശിക കരകൗശല വസ്തു നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനായി റിയാസത്ത് എന്ന സ്വതന്ത്ര വസ്ത്ര ബ്രാൻഡും റിയയ്ക്കുണ്ട്.
രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണമെന്ന ഉത്തരവാദിത്തം പൊലീസ് ഏറ്റെടുക്കാത്തതിനാൽ അത് തങ്ങൾ ഏറ്റെടുക്കുകയാണെന്ന് റിയ പറഞ്ഞു. പൊലീസിൻ്റെ ശരിയല്ലാത്ത നടപടിയിൽ ഇടപേടേണ്ടത് തൻ്റെ കടമയാണ്. ഉള്ളില്‍ ഭയമുണ്ടെങ്കിലും ചെയ്തത് ശരിയാണെന്ന് ഉത്തമ ബോധം തനിക്കുണ്ടെന്നും റിയ പ്രതികരിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പൊലീസ് വാഹനത്തെ സധൈര്യം തടഞ്ഞു നിർത്തിയ യുവതി കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.