

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ ഉണ്ടായ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ സ്കൂൾ പൂർവ വിദ്യാർഥി സംഗമത്തിൽ തുടങ്ങിയ പ്രണയവും, തുടർന്നുണ്ടായ സംശയവുമാണെന്ന് പൊലീസ് കണ്ടെത്തി. തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്കൂളിൽ പഠിച്ചവരായിരുന്നു പ്രതിയായ സഞ്ജയ് ഗാന്ധിയും കൊല്ലപ്പെട്ട മാലിനിയും. കഴിഞ്ഞ വർഷം നടന്ന സ്കൂൾ റീയൂണിയനിൽ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു.
കുറച്ച് ദിവസങ്ങളിലായി മാലിനി തന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയെന്ന സഞ്ജയിൻ്റെ സംശയമാണ് കൊലയ്ക്ക് കാരണമായത്. മാലിനി മറ്റൊരാളുമായി അടുപ്പത്തിലായതാണ് ഇതിന് കാരണമെന്ന് ഇയാൾ സംശയിച്ചു. മാലിനിക്ക് ബന്ധുവായ രഞ്ജിത് കുമാറുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തൽ.
ഇതിനിടെ മാലിനിയും രഞ്ജിത് കുമാറും ടാക്സി കാറിൽ പോകുന്നതിനിടെയാണ് സഞ്ജയ് ഗാന്ധി ആക്രമിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ പ്രതി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.