

ജയ്പൂര്‍: രാജസ്ഥാനില്‍ ഓടുന്ന ബസിന് തീപിടിച്ച് 19 പേര്‍ വെന്തുമരിച്ചു. ജെയ്‌സാല്‍മീറില്‍ നിന്നും ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. 57 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
വൈകിട്ട് മൂന്ന് മണിയോടെയാണ് ബസ് ജെയ്‌സാല്‍മീറില്‍ നിന്നും യാത്ര പുറപ്പെട്ടത്. ജെയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയില്‍ വെച്ച് ബസിന്റെ പിന്‍ഭാഗത്തു നിന്ന് പുക ഉയരാന്‍ തുടങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീപിടിക്കുകയായിരുന്നു.
നാട്ടുകാരും മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയത്. പിന്നാലെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. പൊള്ളലേറ്റവരെ ജയ്‌സാല്‍മീറിലെ ജവഹര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ് ആശുപത്രിയിലെത്തിയവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ ജില്ലാ കളക്ടര്‍ പ്രതാപ് സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍പ്പ്‌ലൈന്‍ നമ്പരും പുറത്തുവിട്ടിട്ടുണ്ട്.
അപകടത്തില്‍ ഗവര്‍ണര്‍ ഹരിഭാവു ബഗാഡെ, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബിജെപി സംസ്ഥാന പ്രസിഡന്റ് മദന്‍ റാത്തോഡ് അടക്കമുള്ളവര്‍ നടക്കും രേഖപ്പെടുത്തി.
യാത്ര പുറപ്പെട്ട് 20 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടം നടന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങുന്നതിനിടയിലാണ് തീപിടിച്ചത്. പലര്‍ക്കും പുറത്തേക്ക് രക്ഷപ്പെടാനായില്ല.