

ന്യൂഡല്‍ഹി: വിമാനത്തില്‍ ഹെഡ്‌ഫോണ്‍ ഇല്ലാതെ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ലോക്‌സഭയില്‍ നാമക്കല്‍ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ ആണ് മറുപടി നല്‍കിയത്.
വിമാനത്തില്‍ മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. 1937 ലെ എയര്‍ക്രാഫ്റ്റ് റൂള്‍സ് പ്രകാരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) ഇതിനകം തന്നെ വ്യവസ്ഥകളുണ്ടെന്നും മന്ത്രി പറഞ്ഞു.
വിമാനയാത്രയ്ക്കിടയിലെ ഉച്ചത്തിലുള്ള സംഗീതം തടയാന്‍ പ്രത്യേകമായ പുതിയ നിയമങ്ങള്‍ നിലവിലില്ലെങ്കിലും അത്തരം പെരുമാറ്റം സുരക്ഷയെ തടസ്സപ്പെടുത്തുകയോ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കാവുന്നതാണ്.
യാത്രക്കാരുടെ പെരുമാറ്റം അനുചിതമോ സുരക്ഷിതമല്ലാത്തതോ ആണെന്ന് കണ്ടാല്‍ അവരെ വിമാനത്തില്‍ കയറ്റാതിരിക്കാനോ അല്ലെങ്കില്‍ വിമാനത്തില്‍ നിന്ന് പുറത്താക്കാനോ എയര്‍ലൈനുകള്‍ക്ക് അധികാരമുണ്ട്. വിമാനത്തിനുള്ളിലെ അച്ചടക്കം ലംഘിക്കുന്ന രീതിയില്‍ പെരുമാറുന്നവരെ നിയന്ത്രിക്കാന്‍ പൈലറ്റ്-ഇന്‍-കമാന്‍ഡിന് അധികാരമുണ്ട്. എയര്‍ക്രാഫ്റ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയും ശിക്ഷാനടപടികളും ബാധകമാണ്.
ബോര്‍ഡിങ് സമയത്തും അറിയിപ്പുകള്‍ക്കായും വിമാനക്കമ്പനികള്‍ പ്ലേ ചെയ്യുന്ന സംഗീതത്തിന് നിര്‍ദേശം ബാധകമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇയര്‍ഫോണുകള്‍ ഇല്ലാതെ മൊബൈല്‍ ഫോണുകളോ സ്പീക്കറുകളോ ഉപയോഗിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ യാത്രക്കാര്‍ കേള്‍ക്കുന്നത് മാത്രമാണ് അച്ചടക്കമില്ലാത്ത പെരുമാറ്റമായി കണക്കാക്കുക.
വിമാനത്തിനുള്ളിലെ വ്‌ളോഗിങ്ങിനെ കുറിച്ചും ഫോട്ടോ എടുക്കുന്നതിനെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതിയില്ലാതെ വിമാനത്താവളങ്ങളിലും വിമാനയാത്രയ്ക്കിടയിലും ഫോട്ടോ എടുക്കുന്നത് ചട്ടങ്ങള്‍ പ്രകാരം നിയന്ത്രിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനയാത്രയ്ക്കിടയില്‍ സഹയാത്രികര്‍ മാന്യമായി പെരുമാറണമെന്ന യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ പ്രസ്താവന വരുന്നത്.