

മുംബൈ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള 1,500 മെഗാവാട്ട് തരാലി ജലവൈദ്യുത പദ്ധതിയുടെ ചെലവ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 99 ശതമാനം കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പദ്ധതിച്ചെലവ് 5,675 കോടി രൂപയിൽ നിന്ന് 56.75 കോടി രൂപയായി കുറച്ചു കാണിച്ചതോടെ വന്യജീവി സംരക്ഷണ ഫണ്ടിലേക്ക് അടയ്ക്കേണ്ട കുടിശ്ശികയിലും വൻ കുറവുണ്ടായി.
പാരിസ്ഥിതിക അനുമതി തേടിയപ്പോൾ 5,675 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിരുന്ന പദ്ധതിക്ക് 56.75 കോടി രൂപ മാത്രമാണ് ചെലവ് വരികയെന്ന് കമ്പനി മഹാരാഷ്ട്ര വനം വകുപ്പിനെ അറിയിച്ചു. ഇത് യഥാർത്ഥ ചെലവിൻ്റെ നൂറിലൊന്ന് മാത്രമാണെന്നാണ് ആക്ഷേപം. സഹ്യാദ്രി കടുവ സങ്കേതത്തിൻ്റെ ഭാഗമായ കൊയ്ന വന്യജീവി സങ്കേതത്തിന് സമീപമാണ് ഈ പദ്ധതി വരുന്നത്. നിയമപ്രകാരം പദ്ധതിച്ചെലവിൻ്റെ നാല് ശതമാനം തുക വന്യജീവി സംരക്ഷണത്തിനായി നിക്ഷേപിക്കേണ്ടതുണ്ട്. ചെലവ് കുറച്ചു കാണിച്ചതോടെ 227 കോടി രൂപയ്ക്ക് പകരം 2.27 കോടി രൂപ മാത്രം അടച്ചാൽ മതിയെന്ന സാഹചര്യമുണ്ടായി.
പുതുക്കിയ തുക മഹാരാഷ്ട്ര വനം വകുപ്പ് അംഗീകരിക്കുകയും, ഇതിൻ്റെ ആദ്യ ഗഡുവായ 56.75 ലക്ഷം രൂപ കമ്പനി സഹ്യാദ്രി കടുവ സങ്കേതത്തിൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ബാക്കി തുക ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതി ലഭിച്ച ശേഷം അടയ്ക്കാമെന്നായിരുന്നു വ്യവസ്ഥ. പദ്ധതിച്ചെലവ് തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 30-ന് പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും പരാതി പരിഹാര പോർട്ടലുകളിൽ പരാതി ലഭിച്ചു.
തുടർന്ന് നവംബർ 6-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുൻഗണനാ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന വനം വകുപ്പിനോട് നിർദേശിക്കുകയായിരുന്നു. ഈ വിഷയത്തിൽ സംയുക്ത പാർലമെൻ്റി സമിതി അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അദാനി ഗ്രൂപ്പിൻ്റെയോ മഹാരാഷ്ട്ര സർക്കാരിൻ്റെയോ ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.