

ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യ നിർണയത്തിലെ വിവാദത്തിൽ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.
ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് നടപടി. എസ് രാധ ചൗഹാന് ആണ് ആഭ്യന്തര അന്വേഷണ സമിതിയുടെ ചുമതല. നിലവിൽ കപ്പാസിറ്റി ബിൽഡിങ് കമ്മീഷൻ ചെയർപേഴ്സൺ ആണ്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. പരീക്ഷാ പേപ്പറുകൾ ഡിജിറ്റലായി സ്‌കാൻ ചെയ്ത് കമ്പ്യൂട്ടർ സ്‌ക്രീനിലൂടെ മൂല്യനിർണയം നടത്തുന്ന ഓൺ സ്‌ക്രീൻ മാർക്കിങ് രീതി ഈ വർഷം മുതൽ നടപ്പാക്കാൻ ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിലെ പിഴവ് മൂല്യനിർണയത്തെ ഗുരുതരമായി ബാധിച്ചു. പിന്നാലെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.