വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 35 കോടി വാഗ്‌ദാനം; 'പ്രോജക്ട് മേഘാലയ'യില്‍ അന്വേഷണം ഊര്‍ജിതം

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡിഎംകെ നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
വിജയ്
വിജയ്ANI
Published on
Updated on

ചെന്നൈ: തമിഴ്‌നാട്ടിലെ വിജയ് സര്‍ക്കാരിനെതിരായ 'പ്രോജക്ട് മേഘാലയ' അട്ടിമറി ശ്രമത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി ചെന്നൈ പൊലീസ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എമാര്‍ക്ക് കോഴ നല്‍കി വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി തമിഴ‌്‌നാട്ടിലെ മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡിഎംകെ നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, ഇതെല്ലാം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണങ്ങള്‍ മാത്രമാണെന്നാണ് ഡിഎംകെയുടെ പ്രതികരണം.

നിയമസഭയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ യുട്യൂബറായ തിരുനാവുക്കരശ് 35 കോടി രൂപ വാഗ്‌ദാനം ചെയ്തെന്നാരോപിച്ച് ടിവികെ ഉത്തംഗരൈ എംഎല്‍എ എന്‍. ഇളയരാജ നല്‍കിയ പരാതിയിലാണ് അന്വേഷണം. വാഗ്‍ദാനം നിരസിച്ചതിനു പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണി നേരിടേണ്ടിവന്നുവെന്നും ഇളയരാജ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ തലമുറൈ വാര്‍ത്താ ചാനലിലെ വിജയന്‍ എന്ന മാധ്യമപ്രവര്‍ത്തകനെ ജൂലൈ 15,16 ദിവസങ്ങളിലായി പൊലീസ് ചോദ്യം ചെയ്തത്. കേസില്‍ പ്രധാന ആരോപണവിധേയനായ തിരുനാവുക്കരശുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.

വിജയ്
നിരാഹാര സമരം 19ാം ദിവസത്തിൽ; സോനം വാങ്ചുകിനെ സന്ദർശിച്ച് അരവിന്ദ് കെജ്‌‌രിവാൾ

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ടിവികെയുടെ 15 എംഎല്‍എമാരെയോളം വലിയ സാമ്പത്തിക പ്രലോഭനങ്ങളോടെ സമീപിക്കുകയായിരുന്നു 'പ്രോജക്ട് മേഘാലയ'യുടെ ലക്ഷ്യം എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. യൂട്യൂബറായ തിരുനാവുക്കരശാണ് പ്രധാന ആരോപണവിധേയന്‍. ഇതുവരെ ഒമ്പതു പേരെ അറസ്റ്റ് ചെയ്തതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുൻ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജി, സഹോദരൻ അശോക് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും അയച്ചിട്ടുണ്ട്.

അതേസമയം, പാര്‍ട്ടിക്കും അംഗങ്ങള്‍ക്കും എതിരായ ആരോപണങ്ങളെ ഡിഎംകെ തള്ളി. രാഷ്ട്രീയ നേട്ടത്തിനായി ടിവികെ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണിത്. നിയമപരമായി നേരിടുമെന്നുമാണ് ഡിഎംകെ നേതൃത്വത്തിന്റെ പ്രതികരണം. അന്വേഷണത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിടുകയാണെന്നാണ് ഡിഎംകെ എംപി കനിമൊഴിയുടെ ആരോപണം. ടിവികെ സര്‍ക്കാരിന്റെ പൊലീസ് അന്വേഷണത്തിന്റെ പേരുപറഞ്ഞ്, മാധ്യമപ്രവര്‍ത്തകനായ വിജയനെ ചോദ്യം ചെയ്യുകയും, ഫോണ്‍ പിടിച്ചെടുത്തിരിക്കുകയുമാണ്. അത് അപലപനീയമാണെന്നും കനിമൊഴി എക്സില്‍ കുറിച്ചു.

വിജയ്
കാണിക്കപ്പണം ചോരാതിരിക്കാൻ 'പോക്കറ്റില്ലാത്ത' വസ്ത്രം; ഹരിദ്വാർ മാനസ ദേവി ക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ വസ്ത്രം

ജൂലൈ 15ന് രാത്രി വൈകി വിജയനെ ചോദ്യം ചെയ്ത പൊലീസ് നടപടിയെ ചെന്നൈ പ്രസ് ക്ലബ്ബ് ഉള്‍പ്പെടെ മാധ്യമ കൂട്ടായ്മകളും വിമര്‍ശിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് വിജയന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. തൊട്ടടുത്ത ദിവസം പിന്നെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയെന്നും പ്രസ് ക്ലബ്ബ് ആരോപിച്ചു. അതേസമയം, നിയമപരമായ രീതിയിലാണ് അന്വേഷണം എന്നാണ് പൊലീസിന്റെ പ്രതികരണം. വിജയന്റെ മൊബൈല്‍ ഫോണ്‍ ഫോറെന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പ്രോജക്ട് മേഘാലയയുമായി വിജയന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com