
ബെംഗളൂരുവിലെ ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ കർണാടക സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ദുരന്തത്തിൻ്റെ സാഹചര്യം വിശദീകരിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി നോട്ടീസിലെ നിർദേശം. ഇത്തരം ദുരന്തം എങ്ങനെ ഭാവിയിൽ തടയാനാകും എന്നും സർക്കാർ അറിയിക്കണം. എന്നാല്‍, ഐപിഎല്ലിന് നോട്ടീസ് നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
വിധാന്‍ സൗദയ്ക്ക് സമീപം നടന്ന വിജയാഘോഷത്തെ കുറിച്ച് അവസാന നിമിഷമാണ് അറിയിച്ചതെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം 35 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇതില്‍ 13 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 47 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. എസ് ദിവ്യാന്‍ഷി (13), ദോരേഷ (32), ഭൂമിക് (20), സഹന (25), അക്ഷത (27), മനോജ് (33), ശ്രാവണ്‍ (20), ദേവി (29), ശിവലിംഗ (17), ചിന്മയി (19), പ്രജ്വല് (20) എന്നിവരാണ് മരിച്ചത്.
ഇവരില്‍ പലരും വീട്ടില്‍ അറിയിക്കാതെ സുഹൃത്തുക്കളുമായാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
വിജയാഘോഷം ദുരന്തമായി മാറിയതില്‍ സിദ്ധരാമയ്യ സർക്കാർ വലിയതോതിലുള്ള വിമർശനമാണ് ഏറ്റുവാങ്ങുന്നത്. വിധാന്‍ സൗദയ്ക്ക് സമീപം നടന്ന വിജയാഘോഷത്തെ കുറിച്ച് അവസാന നിമിഷമാണ് അറിയിച്ചതെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം. എന്നാല്‍, വിജയാഘോഷം നടത്താന്‍ അനുമതി തേടി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ കത്ത് പുറത്തു വന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. ജൂണ്‍ നാലിന് പരിപാടി നടത്താന്‍ അനുമതി തേടി ജൂണ്‍ മൂന്നിന് ക്രിക്കറ്റ് അസോസിയേഷന്‍ കത്ത് നല്‍കിയിരുന്നു. വിധാന്‍ സൗദ ഡിപിഎആറിന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ കത്ത് ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇതോടെ തയ്യാറെടുപ്പിന് സമയം ലഭിച്ചില്ലെന്ന പൊലീസ് നിലപാടും പൊളിഞ്ഞു. സംഭവത്തില്‍ സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടം നടന്ന ചിന്നസ്വാമി സ്റ്റേഡിയം കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര സന്ദര്‍ശിച്ചിരുന്നു. മജിസ്‌ട്രേറ്റ് തല അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മന്ത്രി സ്റ്റേഡിയം സന്ദര്‍ശിച്ചത്.