

എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും തോല്‍പ്പിക്കുന്ന പ്രകടനമാണ് എന്‍ഡിഎ ബിഹാറില്‍ കാഴ്ചവെച്ചത്. നിതീഷ് കുമാര്‍ എന്ന വിജയ ഫോര്‍മുലയുടെ പേരിലാകും ഈ ബിഹാര്‍ തെരഞ്ഞെടുപ്പ് ഓര്‍മിക്കപ്പെടുക. അതിനൊപ്പം തന്നെ ഒരു യുവ നേതാവിന്റെ ഉയര്‍ച്ചയ്ക്കും ബിഹാര്‍ തെരഞ്ഞെടുപ്പ് സാക്ഷിയായി. ചിരാഗ് പാസ്വാന്‍.
രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറാന്‍ ചിരാഗ് പാസ്വാനും അദ്ദേഹത്തിന്റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ക്കും സാധിച്ചു. സീറ്റ് വിഭജന ചര്‍ച്ചകള്‍ തൊട്ട് ചിരാഗ് പാസ്വാന്‍ തന്റെ സ്വാധീനം ഉറപ്പിച്ചിരുന്നു. ബിജെപി, ജെഡിയു തുടങ്ങിയ പ്രധാന പാര്‍ട്ടികള്‍ക്കിടയില്‍ ചെറു കക്ഷികളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വിലപേശി വാങ്ങിക്കാന്‍ ചിരാഗിനായി എന്നതു തന്നെ ആ നേതാവിന്റെ പ്രധാന്യം അടിവരയിടുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജുമായി ചര്‍ച്ചകള്‍ നടത്തിയായിരുന്നു എന്‍ഡിഎയ്ക്കു മേല്‍ ചിരാഗിന്റെ സമ്മര്‍ദ്ദം.
29 സീറ്റുകളില്‍ 22 എണ്ണത്തില്‍ മുന്നേറി തന്റെ വിലപേശല്‍ വെറുതേയായിരുന്നില്ലെന്നും തെളിയിച്ചു. 2024 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും പാര്‍ട്ടി വിജയിച്ചതിന് പിന്നാലെയാണ് ഈ നേട്ടം.
മോദിയുടെ ഹനുമാന്‍ എന്നാണ് ചിരാഗ് പാസ്വാന്‍ സ്വയം വിശേഷിപ്പിച്ചത്. പിതാവ് രാം വിലാസ് പാസ്വാന്റെ പരമ്പരാഗത ദളിത് വോട്ടുകള്‍ ഏകീകരിക്കുന്നതിലും അദ്ദേഹം വിജയിച്ചു. അതിന്റെ മൊത്തം ഗുണമുണ്ടായത് എന്‍ഡിഎയ്ക്കും.
2020 ല്‍ നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം അന്നത്തെ അവിഭക്ത എല്‍ജെപി സ്വതന്ത്രമായാണ് മത്സരിച്ചത്. പക്ഷെ മത്സരിച്ച 130 ലധികം സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ഇതോടെ, ബിഹാര്‍ രാഷ്ട്രീയത്തില്‍ ലോക് ജനശക്തിയുടെ കാലം കഴിഞ്ഞെന്നു കരുതിയ ഇടത്തു നിന്നാണ് ചിരാഗ് പാസ്വാന്റെ ഉയര്‍ച്ച. അന്ന് എന്‍ഡിഎയുടെ ഭാഗമായ ജെഡിയു സ്ഥാനാര്‍ഥികള്‍ക്കെതിരെ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തി. ജെഡിയുവിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് വലിയ ആഘാതമുണ്ടാക്കി. ഫലം ജെഡിയുവിന്റെ സീറ്റുകള്‍ 71 ല്‍ നിന്ന് 43 ലേക്ക് കൂപ്പുകുത്തി. ബിജെപി മുന്നണിയിലെ വലിയ കക്ഷിയാകുകയും ചെയ്തു.
ഈ തെരഞ്ഞെടുപ്പിലെ വിജയം ചിരാഗ് പാസ്വാന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകും. സര്‍ക്കാര്‍ രൂപീകരണത്തിലും മന്ത്രിസഭയിലും സ്വാധീനം ചെലുത്താനുള്ള പവര്‍ ആണ് ചിരാഗിന് ലഭിക്കുക. നിതീഷ് കുമാറിന് ശേഷം ബിഹാര്‍ രാഷ്ട്രീയത്തില്‍ യുവാക്കളുടെയും വികസനത്തെ അനുകൂലിക്കുന്നവരുടെയും നേതാവ് എന്ന നിലയില്‍ പ്രധാന സ്ഥാനം നേടാന്‍ ചിരാഗിന് ഈ വിജയം സഹായകമാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ ചിരാഗ് പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കണം.
ചുരുക്കത്തില്‍, വെറുമൊരു സഖ്യകക്ഷി നേതാവ് എന്നതിലുപരി ബിഹാറിലെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്ന ശക്തിയായി വളരുകയാണ് ചിരാഗ് പാസ്വാന്‍.