

ഡൽഹി: പൊലീസ് വിലക്ക് മറികടന്ന് ജന്തർമന്തറിൽ മിന്നൽ സമരം നടത്തിയ സിജെപി നേതാക്കൾക്ക് ജാമ്യം. അശുതോഷ് റാങ്കെയും സൗരവ് ദാസും ജയിൽ മോചിതരായി. സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് നേതാക്കൾ രേഖാമൂലം ഉറപ്പ് നൽകി. ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യില്ലെന്ന് എഴുതി നൽകി. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും നൽകിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
അതിനിടെ 27 വയസുള്ള അശുതോഷും സൗരവും എങ്ങനെ ജെൻസി ആകുമെന്ന് ഡൽഹി ഹൈക്കോടതി. ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി മോദിയെന്ന് പരിഹസിച്ച് അഭിജിത്ത് ദീപ്കേ. ഏഴ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ്, ഉപാധികളോടെയുള്ള മോചനം. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. ഇരുവരുടെയും കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്ന ഡൽഹി പൊലീസിൻ്റെ ആവശ്യം കോടതി തള്ളി.
ജന്തർ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ജന്തർ മന്തറിലെ അടച്ച പൂട്ടിയിരുന്ന ഗേറ്റുകൾ മറികടന്ന് ഇരുവരും അകത്തുകടന്നത്. ഇതേത്തുടർന്ന് നിരോധിക്കപ്പെട്ട സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്ന കേസിൽ ഒക്ടോബർ 14 മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ഒക്ടോബർ 19 ന് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയിരുന്നു.