സ്വപ്നങ്ങൾ പാതിയിൽ മുറിഞ്ഞവരുടെ ഭാവിക്കായുള്ള സമരം; അത് ജയിക്കാതെ പിന്നെ...

ഒപ്പം പഠിച്ച, സ്വപ്നങ്ങള്‍ കണ്ട ഒരുപറ്റം വിദ്യാര്‍ഥികളുടെ പാതിയില്‍ പൊലിഞ്ഞ ജീവന്റെ പിടപ്പു കൂടിയുണ്ടായിരുന്നു തെരുവിലിറങ്ങിയ യുവാക്കളുടെ നിശ്ചയദാര്‍ഢ്യത്തിന്.
സ്വപ്നങ്ങൾ പാതിയിൽ മുറിഞ്ഞവരുടെ ഭാവിക്കായുള്ള സമരം; അത് ജയിക്കാതെ പിന്നെ...
Published on
Updated on

ജന്തര്‍ മന്തറില്‍ സിജെപി നേതൃത്വത്തില്‍ യുവാക്കള്‍ തുടക്കമിട്ട സമരത്തിന്റെ ആദ്യഫലമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി. നീറ്റ് ചോദ്യ പേപ്പര്‍ ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. രാവും പകലും തെരുവില്‍ കഴിഞ്ഞ്, ഭരണകൂടത്തിന്റെ കൊടിയ മര്‍ദനം ഏറ്റുവാങ്ങി അവര്‍ അത് നേടിയെടുക്കുമ്പോള്‍, അത് ജനാധിപത്യത്തിന്റെ സര്‍വസൗന്ദര്യവും നിറഞ്ഞ വിജയമാണ്. ഒരു കൂട്ടം യുവാക്കള്‍ ജീവനൊടുക്കിയിട്ടും, ചിലര്‍ മാനസിക സമ്മര്‍ദങ്ങളുടെ തടവറയില്‍ നിരാശ പൂണ്ടപ്പോഴും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ അധികാരത്തിന്റെ ഗര്‍വ് കാണിച്ചവരുടെ ഇരിപ്പിടങ്ങളിലേക്കാണ് പുതിയകാലത്തെ 'പാറ്റകള്‍' ഇരച്ചുകയറിയത്. അത് രാജ്യത്തിന്റെ, യുവതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. 'അരാഷ്ട്രീയവാദികള്‍' എന്നു വിളിപ്പേര് പതിഞ്ഞ യുവത പുതിയ രാഷ്ട്രീയപാഠം കൂടിയാണ് പഠിപ്പിക്കുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുര്യ കാന്തിന് നന്ദി പറഞ്ഞ് തുടങ്ങണം. 'പാറ്റകള്‍' അദ്ദേഹത്തിന്റെ സംഭാവനയാണ്. ജോലിയില്ലാത്ത യുവാക്കളുമായി ബന്ധപ്പെട്ടായിരുന്നു അത്തരമൊരു വിശേഷണം. പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ യുവാക്കളുടെ പ്രതികരണം വന്നുനിറഞ്ഞപ്പോള്‍, #Cockroach ട്രെന്‍ഡിങ്ങായി. കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ സര്‍വകലാശാല മുൻ വിദ്യാർഥിയുമായി അഭിജീത് ദീപ്കെ അതിലൊരു സോഷ്യല്‍ സറ്റയര്‍ കണ്ടെത്തി. അങ്ങനെ Cockroach Janata Party സമൂഹമാധ്യമങ്ങളില്‍ വളര്‍ന്നുതുടങ്ങി. പിന്നാലെ സിജെപിക്ക് വെബ്സൈറ്റ് തയ്യാറാക്കി. അംഗങ്ങളാകുന്നതിന്, ചരിത്രത്തില്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത മാനദണ്ഡങ്ങള്‍ വന്നു. പതിനായിരങ്ങള്‍ ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തു.

പരസ്പരം അറിയാത്തവരും, കാണാത്തവരുമായ യുവാക്കളുടെ വലിയൊരു കൂട്ടമായി സിജെപി മാറി. അപ്പോഴാണ് നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച പ്രമേയമായി ഹാം മേം ഹൂം കോക്രോച്ച് എന്ന ഗാനം സിജെപി അക്കൗണ്ടുകളില്‍ എത്തുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്കുണ്ട്, വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്, അപ്പോഴും പ്രധാനമന്ത്രി സൈലന്റ് മോഡിലാണ്, ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് തന്നെ വില്‍ക്കപ്പെട്ടിരിക്കുന്നു എന്ന സത്യാവസ്ഥയുടെ, പ്രതിഷേധത്തിന്റെ സ്വരമായിരുന്നു അതിന്. രാഷ്ട്രീയ, സാമുഹ്യ, സിനിമാ, സാംസ്കാരിക പ്രവര്‍ത്തകര്‍ സിജെപിയുടെ ധൈര്യത്തെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തുവന്നു. സമൂഹമാധ്യങ്ങളില്‍ ഫോളോവേഴ്സിന്റെ എണ്ണം ലക്ഷങ്ങള്‍ കടന്നു. പാറ്റകളുടെ ആ പ്രയാണം, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ ബിജെപിക്കുള്ള ഫോളോവേഴ്സിനെയും മറികടന്ന് കുതിച്ചു. ഒട്ടും താമസിയാതെ, സിജെപിയുടെ അക്കൗണ്ടുകള്‍ക്കും പ്ലാറ്റ്ഫോമുകള്‍ക്കും ഇന്ത്യയില്‍ പൂട്ടുവീണു.

സ്വപ്നങ്ങൾ പാതിയിൽ മുറിഞ്ഞവരുടെ ഭാവിക്കായുള്ള സമരം; അത് ജയിക്കാതെ പിന്നെ...
നാണംകെട്ട് പടിയിറങ്ങി; ധർമേന്ദ്ര പ്രധാൻ രാജി വച്ചു

തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തിനപ്പുറം വ്യവസ്ഥിതിയുടെ പരിഷ്കാരമായിരുന്നു സിജെപിയുടെ ആവശ്യം. Judicial Reform, Electoral Integrity, Gender Equality, Media Accountbility, Anti-Defection സിജെപിയുടെ അജണ്ട വ്യക്തമായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തകനായ സൗരവ് ദാസ്, ഐഐടി കാൺപൂർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളില്‍ പഠിച്ച അശുതോഷ് റങ്ക, രാഷ്ട്രീയ ഗവേഷകനും ചലച്ചിത്ര നിർമാതാവുമായ വിജേത ദഹിയ എന്നിവര്‍ ഔദ്യോഗിക വക്താക്കളായി (ജന്തര്‍ മന്തറില്‍ സമരത്തിനിടെ, കറങ്ങിനടന്ന് ബര്‍ഗര്‍ കഴിക്കുന്ന ഫോട്ടോ പങ്കുവച്ച ദഹിയയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു). പരിസ്ഥിതി, വിദ്യാഭ്യാസ പ്രവര്‍ത്തകനായ സോനം വാങ്ചുക് സിജെപിയുടെ ഭാഗമായതോടെ, രാജ്യമാകെ പ്രസ്ഥാനത്തെ ശ്രദ്ധിച്ചുതുടങ്ങി.

2026 ജൂണിലായിരുന്നു സിജെപി പ്രവര്‍ത്തകര്‍ ആദ്യമായി ഒത്തുചേര്‍ന്നത്. ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ ആയിരുന്നു വേദി. നീറ്റ് ചോദ്യ പേപ്പര്‍ ചേര്‍ച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ആയിരുന്നു ആദ്യ പോര്‍വിളി. ഇതിനെല്ലാം കാരണക്കാരനായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്ന ആവശ്യം സിജെപി ആദ്യമായി മുന്നോട്ടുവച്ചു. ജൂണ്‍ പത്തിനുള്ളില്‍ രാജിയില്ലെങ്കില്‍, അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി. ഒന്നും സംഭവിച്ചില്ല. സിജെപിയുടെ ആവശ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ല. ജൂണ്‍ 20ന് സിജെപി സമരത്തിന് തുടക്കമിട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറുകയോ, പിരിഞ്ഞുപോകുകയില്ലന്ന് അവര്‍ നിശ്ചയമെടുത്തു. ജന്തര്‍ മന്തറില്‍ അവരൊരു കൂട്ടമായി. വലിയ നേതാക്കളോ, മാധ്യമങ്ങളോ ഒന്നും അപ്പോള്‍ ഓടിയെത്തിയിരുന്നില്ല. ഇടതു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നു അന്ന് അവര്‍ക്ക് തുണ നിന്നത്.

ഒരാഴ്ചയ്ക്കിപ്പുറം പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് സമരത്തിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചു. 20-ാംദിവസം ഡല്‍ഹി പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. അവിടെയും അദ്ദേഹം നിരാഹാരം തുടര്‍ന്നു. പിന്നാലെ സമരം ശക്തമായി. ജൂലൈ 20. സമരം ആരംഭിച്ച് ഒരു മാസം ആകുമ്പോള്‍, വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കദിവസം യുവാക്കള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പൊലീസും സേനയും സമരക്കാരെ തല്ലിച്ചതച്ചു. പെല്ലറ്റ് ഗണ്ണും, കാലാവധി കഴിഞ്ഞ കണ്ണീര്‍ വാതകവും, ഇരുമ്പുചീളുകളും ആണികളും അലങ്കാരമിട്ട ലാത്തികളും വിദ്യാര്‍ഥി ശരീരത്തെ ക്രൂരമായി പരീക്ഷിച്ചു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുകൂട്ടങ്ങള്‍ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തി. ജനകീയ രോഷം അണപൊട്ടി. അതിനെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. രാഷ്ട്രീയ, സാമുഹ്യ, സിനിമാ, കായിക, സാംസ്കാരിക പ്രവര്‍ത്തകര്‍ നിരുപാധിക പിന്തുണയുമായെത്തി. ചിലര്‍ സമരവേദിയിലെത്തി. ആദ്യം മടിച്ചുനിന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെ രാഷ്ട്രീയ കക്ഷികളും, ദേശീയ മാധ്യമങ്ങളുമൊക്കെ യുവാക്കളുടെ വാക്കുകള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തി. കടുത്ത നിയന്ത്രണങ്ങള്‍ കേന്ദ്രം യുവാക്കളെ വരിഞ്ഞുമുറുക്കി. പക്ഷേ, അവരുടെ നിശ്ചയദാര്‍ഢ്യത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അതിനൊന്നും കഴിഞ്ഞില്ല. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പിന്തുണയുടെ സന്ദേശങ്ങള്‍ പ്രവഹിച്ചുതുടങ്ങി. വിമര്‍ശനവും പ്രതിഷേധവും കനത്തതോടെ, ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും, മുതിര്‍ന്ന ബിജെപി നേതാക്കളും, ആര്‍എസ്എസുമൊക്കെ എത്രയും വേഗം പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി.

സ്വപ്നങ്ങൾ പാതിയിൽ മുറിഞ്ഞവരുടെ ഭാവിക്കായുള്ള സമരം; അത് ജയിക്കാതെ പിന്നെ...
ജെന്‍ സിയുടെ പവര്‍, ജനാധിപത്യത്തിന്റെ ബ്യൂട്ടി; തെരുവില്‍ കൈകോര്‍ത്ത യുവാക്കള്‍ക്ക് അഭിനന്ദനപ്രവാഹം

പാര്‍ലമെന്റ് സമ്മേളനം പോലും ബഹളമയമായതോടെ, പ്രതിരോധത്തിന് സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടി. ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ 10 വര്‍ഷം തടവ് വ്യവസ്ഥ ചെയ്യുന്ന ബില്ലും, എന്‍ടിഎയിലെ കൂട്ടപ്പിരിച്ചുവിടലുമൊക്കെ അങ്ങനെയുണ്ടായി. സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളോട് ചങ്ങാത്തം കൂടാന്‍ വന്നു. പക്ഷേ, ഇത്തരം അടവുനയങ്ങളിലൊന്നും യുവതയുടെ മനം മയങ്ങിയില്ല. ചര്‍ച്ചകളില്‍ അവര്‍ ആവശ്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. പ്രധാന്റെ രാജിയെന്ന ആവശ്യത്തോട് അങ്ങനെയങ്ങ് വഴങ്ങാന്‍ ചര്‍ച്ചയ്ക്കെത്തിയ കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്ങും ജെ.പി. നഡ്ഡയും തയ്യാറായില്ല. സര്‍ക്കാര്‍ നിലപാടും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ സമ്പ്രദായത്തെ തച്ചുടച്ചവന്‍ ആദ്യം അധികാരമൊഴിയട്ടെ എന്ന് യുവ വിദ്യാര്‍ഥികള്‍ നിലപാട് കനപ്പിച്ചു.

ഒന്ന്, രണ്ട് എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള ചര്‍ച്ചകളിലൊന്നും സിജെപി അനുനയപ്പെട്ടില്ല. ജൂലൈ 24ന് മറ്റ് ആവശ്യങ്ങളൊക്കെ അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കിയ കേന്ദ്ര മന്ത്രിമാര്‍ പ്രധാന്റെ രാജിയില്‍ തീരുമാനം അറിയിക്കാന്‍ പിറ്റേദിവസത്തേക്ക് സമയം ചോദിച്ചു. ജൂലൈ 25ന് ഉച്ചയോടെ ആ തീരുമാനം വന്നു. പ്രധാന്‍ പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് നല്‍കി. ജന്തര്‍ മന്തറിലെ ആദ്യ കൂട്ടായ്മയില്‍ സിജെപി ഉയര്‍ത്തിയ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനിടെ നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വിഷയങ്ങളെ ഗൗരവമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടി കേന്ദ്രം കൈക്കൊണ്ടിരുന്നു. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം, രാജ്യമെങ്ങും പ്രതിഷേധിച്ചവര്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കുക, പ്രതികാര നടപടികള്‍ ഒഴിവാക്കുക എന്നിങ്ങനെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പും നല്‍കിയിട്ടുണ്ട്.

ഒരു ജനകീയ പ്രശ്നത്തെ രാഷ്ട്രത്തിന്റെ ശ്രദ്ധയിലേക്ക് എങ്ങനെ കൊണ്ടുവരാം, അതിന് എങ്ങനെ പരിഹാരം നേടിയെടുക്കാം എന്നതിന്റെ മാതൃകയാകുന്നുണ്ട് സിജെപിയുടെ സമരം. ജനാധിപത്യത്തില്‍, അക്രമരഹിതമായി, സത്യന്ധതയോടെ നടത്തപ്പെട്ട സമരം. ലക്ഷ്യബോധത്തോടെയുള്ള ഒരുമയുടെ പോരാട്ടത്തിന് വീര്യം കൂടുമെന്നും പുതിയ തലമുറ പറഞ്ഞുതരുന്നുണ്ട്. ഒപ്പം പഠിച്ച, സ്വപ്നങ്ങള്‍ കണ്ട ഒരുപറ്റം വിദ്യാര്‍ഥികളുടെ പാതിയില്‍ പൊലിഞ്ഞ ജീവന്റെ പിടപ്പു കൂടിയുണ്ടായിരുന്നു തെരുവിലിറങ്ങിയ യുവാക്കളുടെ നിശ്ചയദാര്‍ഢ്യത്തിന്. ആ പോരാട്ടത്തിന് വിജയം ഒരു അനിവാര്യതയായിരുന്നു.

News Malayalam 24x7
newsmalayalam.com