ഹിമാചൽ പ്രദേശിൽ തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനങ്ങളിലും മണ്ണിടിച്ചിലിലും മരണം 80 ആയി. ദുരന്തബാധിത പ്രദേശങ്ങളിൽ തെരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. കനത്ത മഴയിൽ 692 കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം, ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരണസംഖ്യ ഉയരുകയാണ്. മാണ്ഡി, കാൻഗ്ര, കുളു, ഷിംല എന്നീ ജില്ലകളെയാണ് മഴക്കെടുതി വലിയ രീതിയിൽ ബാധിച്ചത്. ഇവിടങ്ങളിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 692.96 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്ക്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ 320 വീടുകൾ പുർണമായും 38 വീടുകൾ ഭാഗികമായും തകർന്നു. 14 പാലങ്ങൾ ഒലിച്ചുപോയി. 300ലധികം കന്നുകാലികൾ ചത്തു. സംസ്ഥാനത്തുടനീളം നിരവധി റോഡുകൾ അടച്ചു. വൈദ്യുതി പ്രതിസന്ധി തുടരുകയാണ്, വൻ തോതിലുള്ള വിളനാശവും, അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. ഹിമാചലിലെ അടിസ്ഥാന സൗകര്യ സംവിധാനങ്ങളെല്ലാം താറുമാറായ അവസ്ഥയിലാണ്.
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ജില്ലാ ഭരണകൂടം, പൊലീസ്, എസ്‌ഡിആർഎഫ്, എൻഡിആർഎഫ് എന്നിവർ സംയുക്തമായാണ് തിരച്ചിലും രക്ഷാ പ്രവർത്തനവും നടത്തുന്നത്. കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.