

ഇന്ധന വില മുകളിലേക്ക് കുതിക്കുന്നതിനൊപ്പം സിഎൻജി വിലയിലും വർധനവ്. വില കൂട്ടിയതിന് പിന്നാലെ ഡൽഹിയിൽ ഇന്ന് ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി. കഴിഞ്ഞ 11 ദിവസത്തിനിടെ സിഎൻജിക്ക് കൂട്ടിയത് 6 രൂപയാണ്. തുടർച്ചയായി നാലാം തവണയാണ് വില വർധിപ്പിക്കുന്നത്.
ഇന്നലെ രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിഎൻജി വിലയും വർധിപ്പിച്ചിരിക്കുന്നത്. ഇന്നലെ പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയും ഡീസൽ വില 104.41 രൂപയും ആയി ഉയർന്നിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോൾ- ഡീസൽ വിലയിൽ ഉണ്ടാകുന്ന നാലാമത്തെ വർധനയാണിത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയിലുണ്ടായ വലിയ വ്യതിയാനങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് തുടർച്ചയായ വിലവർധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ഇറക്കുമതിച്ചെലവ് കൂടുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒറ്റപ്പടിയായി സാധാരണക്കാരായ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയാണ് എണ്ണ വിതരണ കമ്പനികൾ ചെയ്യുന്നത്. ഇത് വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ സൂചനകൾ.