മുംബൈ: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി കത്തെഴുതിയതിനെ പിന്തുണച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. ഇന്ത്യൻ വേരുകളുള്ളതിനാൽ രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ മംമദാനിക്ക് അവകാശമുണ്ട്. ഇന്ത്യൻ രക്തം മംദാനിയിൽ ഒഴുകുന്നുണ്ട്, അതിനാൽ ഒരു ഇന്ത്യക്കാരന് എന്തെങ്കിലും അനീതി സംഭവിക്കുകയാണെങ്കിൽ ഇടപെടാൻ അവകാശമുണ്ട്. മനുഷ്യാവകാശമാണ് ഏറ്റവും വലുതെന്നും അതിനാൽ ഒരു കത്തെഴുതിയതിൽ ആരും പരിഭ്രരാന്തരാകേണ്ട കാര്യമില്ലെന്നും ചവാൻ പറഞ്ഞു.
തിഹാർ ജയിലിൽ യുഎപിഎ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിന് മംദാനി കത്തെയച്ചിരുന്നു. യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്‍റെ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യൻ ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് പിന്തുണ അറിയിച്ചത്. “പ്രിയപ്പെട്ട ഉമർ, കയ്പ്പിനെക്കുറിച്ചും അത് സ്വയം ദഹിപ്പിക്കാൻ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്." കത്തിൽ മംദാനി കുറിച്ചു. നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി സംസാരിച്ചിരുന്നു.
വെറുപ്പിനും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ സംസാരിച്ച ഒരു യുവാവിനെ വിചാരണയില്ലാതെ തടങ്കലിലിടുന്നത് ജനാധിപത്യത്തിന് ചേരുന്നതല്ല എന്ന നിലപാടാണ് മംദാനി സ്വീകരിച്ചത്. ഉമർ ഖാലിദിന്‍റെ മാതാപിതാക്കളെ നേരിൽ കണ്ട ശേഷമാണ് മംദാനി കത്തെഴുതിയത്. ന്യൂയോർക്കിന്‍റെ അമരത്തെത്തുന്ന ആദ്യ മുസ്ലിം വംശജനും ഇന്ത്യൻ വംശജനുമായ സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് മംദാനിയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. കഴിഞ്ഞ വർഷം നവംബറിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം പുതുവത്സര ദിനത്തിലാണ് 34 കാരനായ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.