

പാർലമെൻ്റിൽ ശീതകാല സമ്മേളനം പുരോഗമിക്കുന്നതിനിടെ മോദിയുടെ എഐ വിഡിയോ പങ്കുവെച്ച് പുലിവാലു പിടിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിൽക്കുന്നതായി കാണിക്കുന്ന ഒരു എഐ വീഡിയോ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് വിവാദമായത്. ഒരു ആഗോള പരിപാടിയിൽ കെറ്റിലും ഗ്ലാസുമായി പ്രധാനമന്ത്രി ചായ വിൽക്കാൻ നടക്കുന്ന രീതിയിലുള്ള എഐ വീഡിയോ കോൺഗ്രസ് നേതാവ് രാഗിണി നായക് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതാരാണ് ചെയ്തത് എന്ന ക്യാപ്ഷനും ചിരിക്കുന്ന സ്മൈലിയോടു കൂടിയതുമായിരുന്നു പോസ്റ്റ്.
പോസ്റ്റിനെതിരെ ബിജെപി നേതാക്കൾ രൂക്ഷമായാണ് പ്രതികരിച്ചത്. പോസ്റ്റിനെ ലജ്ജാകരം എന്നും ബിജെപി വിശേഷിപ്പിച്ചു.
ഗുജറാത്തിലെ വാദ്‌നഗർ സ്റ്റേഷനിൽ തൻ്റെ പിതാവ് ഒരു ചായക്കട നടത്തിയിരുന്നുവെന്നും കുട്ടിക്കാലത്ത് താൻ പിതാവിനെ സഹായിച്ചിരുന്നതായും പ്രധാനമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം പലപ്പോഴും ചായ്‌വാലയെ പരിഹസിച്ചു കൊണ്ട് ട്രോളുകൾ വന്നിട്ടുണ്ടെങ്കിലും പുതിയ എഐ വീഡിയോ ഷെയർ ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.