

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടി സ്ഥാനാർഥിയായ മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ കേസിനെ കുറിച്ചുള്ള വിവരം മറച്ചുവച്ചുവെന്നുള്ള ബിജെപിയുടെ പരാതി കണക്കിലെടുത്താണ് പത്രിക തള്ളിയത്.
ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി മഹേഷ് കെവാടാണ് പരാതി നൽകിയത്. തെലങ്കാനയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രിമിനൽ കേസ് മീനാക്ഷി മനഃപൂർവം മറച്ചുവച്ചുവെന്നാണ് പരാതി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് മീനാക്ഷി.
അതേസമയം മീനാക്ഷിക്കെതിരെ കേസുകളൊന്നുമില്ലെന്നും അവരെ അപമാനിക്കാനാണ് ബിജെപി ശ്രമമെന്ന് മധ്യപ്രദേശിൻ്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് ചൗധരി പറഞ്ഞു. സാങ്കേതികമായി മീനാക്ഷിയുടെ നാമ നിർദേശപത്രിക തള്ളാനാകില്ലെന്നും ചൗധരി പറഞ്ഞു.
അതേസമയം മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഡൽഹിയിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പരാതിയുമായി എത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ പൊലീസ് ഗേറ്റിൽ തടഞ്ഞു. ജയറാം രമേശിനെ പൊലീസ് തടഞ്ഞ് നിര്‍ത്തി. ഇതെ തുടർന്ന് കെ.സി. വേണുഗോപാലിൻ്റെ നേതൃത്വത്തില്‍ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെട്ട സംഘമെത്തുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
മാധ്യമങ്ങളെ ദൃശ്യങ്ങൾ എടുക്കുന്നതും പൊലീസ് വിലക്കി. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷത്തെ പ്രതിഷേധത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങി. മീനാക്ഷി നടരാജൻ്റെ പത്രിക റദ്ദാക്കിയ തീരുമാനം പുനഃ പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നാളെ ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് അനുവാദം നൽകി. മധ്യപ്രദേശിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18-നാണ് നടക്കുന്നത്. അംഗബലത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് അവരുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാനാവുക.
മുതിർന്ന നേതാക്കളായ തരുൺ ചുഘിനെയും രജ്‌നീഷ് അഗ്രവാളിനെയും അവർ രംഗത്തിറക്കുകയും ചെയ്തു. പിന്നാലെ കോൺഗ്രസ് വോട്ടുകളിൽ കണ്ണുവച്ച് മൂന്നാമത്തെ സ്ഥാനാർഥിയായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ മഹേഷ് കെവാടിനെ ബിജെപി നിർത്തുകയായിരുന്നു.