

ന്യൂഡല്‍ഹി: കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റ ചര്‍ച്ചകള്‍ നിഷേധിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്ത് മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ദിരാ ഭവന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും വാസ്തവമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യസഭ, കൗണ്‍സില്‍ സീറ്റുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്ന് ഹൈക്കമാന്‍ഡിനു മുന്നില്‍ ചര്‍ച്ചയായതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ രാജ്യസഭാ, കൗണ്‍സില്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡല്‍ഹിയില്‍ എത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായത്.
2023ല്‍ കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുതല്‍ പാര്‍ട്ടിയിലെ ഭിന്നതകളെക്കുറിച്ചും നേതൃമാറ്റ ആവശ്യങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുന്നുണ്ട്. പല എംഎല്‍എമാരും മുഖ്യമന്ത്രി പദവിയിലേക്ക് ഡി.കെ. ശിവകുമാറിനെയാണ് അനുകൂലിക്കുന്നത്.
സിദ്ധരാമയ്യ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് വീണ്ടും നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും സജീവമായത്. എന്നാല്‍, രാജ്യസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടന്ന ഒരു പതിവ് കൂടിക്കാഴ്ച മാത്രമാണിതെന്നാണ് പാര്‍ട്ടി ഔദ്യോഗികമായി വിശദീകരിക്കുന്നത്. ചൊവ്വാഴ്ച കെ.സി. വേണുഗോപാലും ഇതേ കാര്യം സ്ഥിരീകരിച്ചിരുന്നു.