

ഗോവയിലെ നിശാക്ലബ്ബ് തീപിടുത്തത്തിനു പിന്നാലെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തീപിടുത്തമുണ്ടായ 'ബിര്‍ച്ച് ബൈ റോമിയോ ലേന്‍' നിശാക്ലബ്ബിന്റെ നിര്‍മാണം തന്നെ നിയമവിരുദ്ധമായിരുന്നുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി നോട്ടീസുകള്‍ പലതവണയായി കെട്ടിടത്തിനു ലഭിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചതാണ് ഒടുവില്‍ വന്‍ ദുരന്തത്തില്‍ കലാശിച്ചത്.
കെട്ടിടം പൊളിച്ചുമാറ്റാനുള്ള നോട്ടീസ് അടക്കം നേരത്തേ മുതല്‍ ലഭിച്ചിരുന്നതായാണ് കണ്ടെത്തല്‍. 2023 മുതല്‍ തന്നെ കെട്ടിടത്തിനെതിരെ പരാതികളുണ്ട്. 2023 ല്‍ കെട്ടിടത്തിനെതിരെ അര്‍പോര പഞ്ചായത്തിലാണ് അനധികൃത നിര്‍മാണത്തിന് ആദ്യം പരാതി ലഭിക്കുന്നത്. ഉപ്പു പാടങ്ങളിലാണ് ക്ലബ്ബ് അനധികൃതമായി നിര്‍മ്മിച്ചതെന്നും മലിനജലം നേരിട്ട് നദിയിലേക്ക് ഒഴുക്കി കടലിലേക്ക് എത്തുന്നുണ്ടെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള അസ്ഥിരമായ ഡിസ്‌കോതെക്ക് ഒരു ജലാശയത്തിന് മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ക്ലബ് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ കൃത്യമായി പറഞ്ഞിരുന്നു. ഇതു തന്നെയാണ് കഴിഞ്ഞയാഴ്ച സംഭവിച്ചതും.
പരാതിയില്‍ ഇടപെട്ട പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്ഥലം പരിശോധിക്കുകയും അനധികൃത നിര്‍മാണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ക്ലബ്ബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാര്‍ച്ച് 13 നിരവധി അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് പഞ്ചായത്ത് പ്രമേയം പാസാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ ക്ലബ്ബിന് പൊളിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. 15 ദിവസത്തിനുള്ളില്‍ നടപ്പാക്കാനായിരുന്നു നിര്‍ദേശം.
നിയമപരമായ രേഖകളോ അനുമതി തെളിയിക്കുന്ന രേഖകളോ സമര്‍പ്പിക്കുന്നതിനു പകരം പൊളിക്കല്‍ നീട്ടാന്‍ അപ്പീല്‍ നല്‍കുകയാണ് ഉടമകളായ ലുത്ര സഹോദരന്മാര്‍ ചെയ്തതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇതിനിടയിലും ക്ലബ്ബ് പ്രവര്‍ത്തിക്കുകയും നിരവധി ആളുകള്‍ എത്തുന്ന ഇവന്റുകളും തുടര്‍ന്നു പോന്നു.
പഞ്ചായത്തിനു പുറെേമ, ലാന്‍ഡ് റവന്യൂ വകുപ്പും ബിര്‍ച്ച് ബൈ റോമിയോ ലേനിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കാര്‍ഷിക ആവശ്യത്തിനായുള്ള ഭൂമി അനധികൃതമായി വാണിജ്യ ആവശ്യത്തിലേക്ക് മാറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഭൂമി നികത്തി പാര്‍ക്കിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ് ഏരിയകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുകയും കടകളും നൈറ്റ് ക്ലബ്ബും നിര്‍മിച്ചതായും മംലത്താര്‍ എന്ന ഉദ്യോഗസ്ഥന്‍ ലാന്‍ഡ് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
കാര്‍ഷിക ഭൂമി കാര്‍ഷികേതര ഭൂമിയാക്കി മാറ്റാന്‍ അനുവദിക്കുന്ന നിയമപരമായ രേഖ സമര്‍പ്പിക്കാന്‍ ക്ലബ്ബിന്റെ അധികാരികള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അനധികൃത നിര്‍മാണത്തിന് ഡെപ്യൂട്ടി കളക്ടറും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇതിനെല്ലാം പുറമെ, ഈ വര്‍ഷം ഗോവ തീരദേശ മേഖല മാനേജ്‌മെന്റ് അതോറിറ്റിയും അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി ക്ലബ്ബിന് നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് നിശാക്ലബ്ബില്‍ തീപിടുത്തമുണ്ടായത്. വിനോദ സഞ്ചാരികളും ജീവനക്കാരും ഉള്‍പ്പെടെ 25 പേരാണ് അപകടത്തില്‍ വെന്തുമരിച്ചത്. അപകടം നടന്നതിനു പിന്നാലെ നിശാക്ലബ്ബിന്റെ ഉടമകളായ സൗരഭ് ലുത്രയും സഹോദരന്‍ ഗൗരവ് ലുത്രയും തായ്‌ലന്‍ഡിലേക്ക് രക്ഷപ്പെട്ടു. അപകടം നടക്കുന്ന ദിവസത്തെ ഡിജെ പാര്‍ട്ടിക്കും അനുമതിയുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ലൂത്ര സഹോദരന്‍മാര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെ തിരികെ എത്തിക്കാനായി ഗോവ പൊലീസ്, സിബിഐ ഇന്റര്‍പോള്‍ എന്നിവരുടെ സഹായം തേടിയിരിക്കുകയാണ്.
പാര്‍ട്ടിക്കിടെ, കെട്ടിടത്തിനുള്ളില്‍ കത്തിച്ച പൂത്തിരികളില്‍ നിന്നും പൈറോ സ്റ്റിക്കുകളില്‍ നിന്നുമുള്ള തീപ്പൊരികള്‍ പടര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ അപകട സൈറണ്‍ മുഴക്കുകയോ, ബേസ്‌മെന്റിലുള്ളവരെ അറിയിക്കുകയോ ചെയ്യാതെ ജീവനക്കാര്‍ ഉപകരണങ്ങള്‍ നീക്കാനാണ് ശ്രമിച്ചതെന്നാണ് രക്ഷപ്പെട്ടവര്‍ മൊഴി നല്‍കിയിരുന്നു.