ഗോവ: നിശാക്ലബ് തീപിടിത്തത്തിൽ ക്ലബ് ഉടമകൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. ലുത്ര സഹോദരൻമാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് പൊളിച്ചുമാറ്റാൻ നീക്കം. ഉടമകളായ സൗരഭ്, സഹോദരന്‍ ഗൗരവ് എന്നിവർ തായ്‌ലാൻഡിലേക്ക് കടന്നതിന് പിന്നാലെയാണ് നടപടി. ആവശ്യമായ അനുമതി തേടാതെയാണ് ഡിജെ പാർട്ടി നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
ഗോവയിലെ നിശാ ക്ലബിൽ 25 പേരുടെ മരണത്തിന് കാരണമായ തീപിടിത്തത്തിൽ കടുത്ത നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അപകടത്തിന് പിന്നാലെ രാജ്യം വിട്ട ക്ലബ് ഉടമകൾക്കെതിരെ പൊലീസ് വ്യാപകമായ അന്വേഷണം നടത്തി. തായ്‌ലാൻഡിലെത്തിയ സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് ലുത്ര എന്നിവർക്കെതി ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയത്.
സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തി, ആവശ്യമായ അനുമതി തേടാതെയാണ് ഡിജെ പാർട്ടി നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒളിവിൽ പോയവർക്കായി പൊലീസ് ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചു. പ്രതികളെ തിരികെ എത്തിക്കാനായി ഗോവ പൊലീസ്, സിബിഐ – ഇന്റർപോൾ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്.
പാർട്ടിക്കിടെ , കെട്ടിടത്തിനുള്ളില്‍ കത്തിച്ച പൂത്തിരികളില്‍ നിന്നും പൈറോ സ്റ്റിക്കുകളില്‍ നിന്നുമുള്ള തീപ്പൊരികൾ പടർന്നതാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ അപകട സൈറണ്‍ മുഴക്കുകയോ, ബേസ്മെന്‍റിലുള്ളവരെ അറിയിക്കുകയോ ചെയ്യാതെ ജീവനക്കാർ ഉപകരണങ്ങള്‍ നീക്കാനാണ് ശ്രമിച്ചതെന്നാണ് രക്ഷപ്പെട്ടവർ മൊഴി നൽകിയിരുന്നു.
ജനറല്‍ മാനേജർമാർ അടക്കം നാല് പേരെ റിമാന്‍ഡ് ചെയ്തു. പുറത്തേക്കുള്ള വാതിലിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി ആളുകള്‍ ഇടുങ്ങിയ കോണിപടികളിലൂടെ ഇറങ്ങാന്‍ ശ്രമിച്ചതും ബേസ്മെന്‍റില്‍ വെന്റിലേഷനില്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് കണ്ടെത്തൽ. പലരും തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലുത്ര സഹോദരൻമാരുടെ ഗോവയിലെ രണ്ട് ക്ലബുകള്‍ അടച്ചപൂട്ടി. 2023ല്‍ ക്ലബിന് പ്രവർത്തനാനുമതി നല്‍കിയ മൂന്ന് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു . കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായി.