കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരൻ മുഹമ്മദ് കൈഫിനും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്യൂമറേഷൻ ഫോമുകളിലെ തിരുത്തുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹിയറിങ്.
ജനുവരി 9 മുതൽ 11 വരെയുള്ള ഏതെങ്കിലും ഒരു ദിവസം തെരഞ്ഞടുപ്പ് കമ്മീഷൻ മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസ്. വിജയ് ഹസാരെ ട്രോഫിക്കായി രാജ്‌കോട്ടിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഷമി തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. ബംഗാളിൽ എസ്ഐആറിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ഷമിക്ക് കമ്മീഷൻ്റെ നോട്ടീസ്.
ഷമിയുടെയും സഹോദരന്റെയും എന്യൂമറേഷൻ ഫോമുകളിലെ ചില പൊരുത്തക്കേടുകൾ കാരണമാണ് ഹിയറിങിന് വിളിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിലൂടെയാണ് ഷമി തന്റെ അസൗകര്യം അറിയിച്ചത്. റാഷ്‌ബെഹാരി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ (കെഎംസി) വാർഡ് നമ്പർ 93-ലാണ് ഷാമി വോട്ടറായി പേര് ചേർത്തിരിക്കുന്നത്.
"ബംഗാൾ സംസ്ഥാന ടീമിനെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ എന്റെ നിലവിലെ പങ്കാളിത്തം കാരണം, സൂചിപ്പിച്ച തീയതിയിലും സമയത്തും എനിക്ക് ഷെഡ്യൂൾ ചെയ്ത ഹിയറിംഗിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഞാൻ ബഹുമാനപൂർവം അറിയിക്കുന്നു," ഷമി കമ്മീഷണർക്ക് എഴുതിയ കത്തിൽ പറഞ്ഞു. ഉത്തർപ്രദേശിലെ അംരോഹയിലാണ് ജനിച്ചതെങ്കിലും, വർഷങ്ങളായി ഷാമി കൊൽക്കത്തയിൽ സ്ഥിര താമസക്കാരനാണ്.