

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ എസ്‌ഐആറില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് പ്രതിപക്ഷം. ഇന്നും നാളെയുമായി പത്ത് മണിക്കൂറാണ് എസ്‌ഐആര്‍ ചര്‍ച്ചയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച ആരംഭിക്കുന്നത്.
എസ്‌ഐആറില്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു അവകാശവുമില്ലെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരിഷ്‌കരണം ഇവിടെ കൊണ്ടു വന്നത് രാജീവ് ഗാന്ധിയുടെ കാലത്താണെന്നും അത് വോട്ടവകാശം 21 വയസില്‍ നിന്ന് 18 വയസിലേക്ക് എത്തിച്ചതാണെന്നും മനീഷ് തിവാരി പറഞ്ഞു. ഇവിഎം മെഷീനുകളില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ പേപ്പര്‍ ബാലറ്റുകളിലേക്ക് മാറണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ ഇവിഎം കൗണ്ടിങ്ങിന് പകരം 100 ശതമാനം വിവിപാറ്റ് കൗണ്ടിങ്ങിലേക്ക് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വോട്ട് ചോരി നടന്നത് 1975ലാണെന്ന വാദവുമായി ബിജെപി എംപി സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സര്‍ദാര്‍ പട്ടേലിനൊപ്പമായിരുന്നുവെന്നും എന്നാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കിയെന്നുമായിരുന്നു ജയ്‌സ്വാള്‍ പറഞ്ഞത്.
ബിഹാറില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഇപ്പോല്‍ കണ്ണ് വച്ചിരിക്കുന്നത് ബംഗാള്‍ തെരഞ്ഞെടുപ്പിലാണെന്നും പറഞ്ഞ ജയ്‌സ്വാള്‍ ബംഗാളിലും താമര വിരിയുമെന്നും പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പരിഷ്‌കരണം വേണമെന്ന കോണ്‍ഗ്രസിന്റെ വാദത്തോട് സമാജ് വാദി പാര്‍ട്ടി തലവനും എംപിയുമായ അഖിലേഷ് യാദവ് പിന്തുണച്ചു. എസ്‌ഐആര്‍ ജോലികളുടെ ഭാഗമായി പോയ ബിഎല്‍ഒമാര്‍ ജോലി സമ്മര്‍ദ്ദത്താല്‍ ആത്മഹത്യ ചെയ്ത സംഭവവും അഖിലേഷ് ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട എല്ലാ സത്യവാങ്മൂലവും നല്‍കിയിട്ടും നിരവധി വോട്ടുകള്‍ തെരഞ്ഞെടുപ്പിന് മുമ്പായി ഒഴിവാക്കപ്പെട്ടുവെന്നും അഖിലേഷ് ഉന്നയിച്ചു.