ഡൽഹി; വായുമലിനീകരണത്തിലും മൂടൽമഞ്ഞിനും അറുതിയില്ലാത്ത സ്ഥിതിയിലാണ് രാജ്യതലസ്ഥാനം. വായു ഗുണനിലവാരം മോശമായതിനു പിന്നാലെ ഡൽഹിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി മാറ്റി സർക്കാർ ഉത്തരവിറക്കി.
നേരത്തെ സ്കൂളുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരുന്നു.ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്കും ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡിൽ തന്നെ ക്ലാസുകൾ തുടരും. പരിഷ്കരിച്ച ഈ ക്രമീകരണം അടുത്ത അറിയിപ്പ് വരുന്നതുവരെ നിലനിൽക്കും.
അതേ സമയം ഇന്നും വിമാന - ട്രെയിൻ സർവീസുകൾ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കും ഡീസൽ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ഇന്നലെ ഡെൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 131 സർവീസുകളും എത്തി ചേരേണ്ട 97 സർവീസുകളുമാണ് റദ്ദാക്കിയത്. പുകമഞ്ഞ് വില്ലനായതോടെയാണ് ഗതാഗത സംവിധാനങ്ങളെ റദ്ദാക്കേണ്ട സാഹചര്യം വന്നത്.
ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നതോടെ സ്ഥിതി കൂടുതൽ അപകടകരമാകുകയാണ്. വർദ്ധിച്ചുവരുന്ന മലിനീകരണ തോത് നേരിടുന്നതിനിടെ, 2022 നും 2024 നും ഇടയിൽ ഡൽഹിയിലെ ആറ് സർക്കാർ ആശുപത്രികളിലായി 200,000-ത്തിലധികം അക്യൂട്ട് റെസ്പിറേറ്ററി അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഫെഡറൽ സർക്കാർ ഈ മാസം ആദ്യം പാർലമെന്റിനെ അറിയിച്ചു.