ഡൽഹി: രാജ്യത്തെ നടുക്കിയ സ്ഫോടനക്കേസിലെ അന്വേഷണം എൻഐഎയ്ക്ക്. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൻ്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സ്ഫോടനം ഒരു ഭീകരാക്രമണ ഗൂഢാലോചനയെ സൂചിപ്പിക്കുന്നതായി അധികൃതർ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
സ്ഫോടനവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്ഫോടനത്തെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തലസ്ഥാനത്ത് നിന്ന് വെറും 50 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത അതേ ദിവസമാണ് സ്ഫോടനം നടന്നത്. മൊഡ്യൂളിലെ രണ്ട് പ്രധാന അംഗങ്ങളായ ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.
ഇന്നലെ വൈകിട്ട് 6.52 ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. മൃതദേഹങ്ങളും തകർന്ന കാറുകളും ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു സംഭവസ്ഥലമുണ്ടായിരുന്നത്. ആക്രമണത്തിന് പിന്നിൽ ഉണ്ടായിരുന്ന ചാവേർ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദ് കോട്ടയ്ക്കടുത്തുള്ള ഒരു പാർക്കിങ് സ്ഥലത്ത് മൂന്ന് മണിക്കൂറിലധികം നിന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ഉണ്ടായിരുന്ന ചാവേർ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദ് കോട്ടയ്ക്കടുത്തുള്ള ഒരു പാർക്കിങ് സ്ഥലത്ത് മൂന്ന് മണിക്കൂറിലധികം നിന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാർ പാർക്ക് ചെയ്ത ശേഷം ഒരു തവണ പോലും അയാൾ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഇയാൾ ആരെയെങ്കിലും കാത്തിരിക്കുകയോ അല്ലെങ്കിൽ, ആരുടെ എങ്കിലും നിർദേശത്തിന് കാത്തിരിക്കുകയോ ചെയ്തതതാകാം എന്നാണ് പൊലീസിൻ്റെ നിഗമനം.