ഡൽഹി; സമൂഹത്തെ സംരക്ഷിക്കാൻ വേദഗ്രന്ഥങ്ങളിലൂടെയും ആയുധങ്ങളിലൂടെയും മാത്രമേ കഴിയൂവെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഓരോ സർക്കാരും ബ്രാഹ്മണ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും രേഖ ഗുപ്ത പറഞ്ഞു. ഡൽഹിയിലെ പിതാംപുരയിൽ ശ്രീ ബ്രാഹ്മണ സഭ സംഘടിപ്പിച്ച അഖിലേന്ത്യാ ബ്രാഹ്മണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
"സമൂഹത്തിൽ ആരെങ്കിലും അറിവിന്റെ ജ്വാല ജ്വലിപ്പിക്കുകയാണെങ്കിൽ, അത് നമ്മുടെ ബ്രാഹ്മണ സമൂഹമാണ്. അവർ വേദങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വേദങ്ങളിലൂടെയും മാത്രമേ ഇന്ന് നമുക്ക് സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കാൻ കഴിയൂ," എന്നായിരുന്നു രേഖ ഗുപ്തയുടെ വാക്കുകൾ. മതം പ്രചരിപ്പിച്ചുകൊണ്ട് ബ്രാഹ്മണർ എല്ലായ്‌പ്പോഴും "സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്" എന്നും അവർ കൂട്ടിച്ചേർത്തു.
ഏത് സർക്കാർ അധികാരത്തിലായാലും, ബ്രാഹ്മണ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം,"ഓരോ സമുദായത്തിനും തുല്യ അവസരങ്ങൾ നൽകാനും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളെ ആദരിക്കാനുമാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു ഐക്യ സമൂഹത്തിന് മാത്രമേ യഥാർത്ഥ പുരോഗതി കൈവരിക്കാൻ കഴിയൂ എന്നും രേഖ ഗുപ്ത കൂട്ടിച്ചേർത്തു.
കഴിഞ്ഞ 27 വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ് നീങ്ങുന്നതെന്നും മുന്‍ സര്‍ക്കാരുകളെ ലക്ഷ്യമിട്ട് രേഖ ഗുപ്ത പറഞ്ഞു.'ഡല്‍ഹിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും നല്‍കുക. ഡല്‍ഹിയുടെയും ഇവിടുത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായി നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും ഡല്‍ഹി ഒരു വികസിത ഡല്‍ഹിയായി മാറും എന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.