ജന്തർമന്തർ 2.0: അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് എന്നിവരെ പൊലീസ് വിട്ടയച്ചു

വ്ളോഗർ ധ്രുവ് റാഠിയെ ഗുരുഗ്രാമിൽ പൊലീസ് വിട്ടയച്ചിട്ടുണ്ട്.
സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക എന്നിവർ (ഫയൽ ചിത്രം)
Published on: 
Updated on: 

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിട്ടയച്ച് ഡൽഹി പൊലീസ്. ഡൽഹി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കരുതൽ തടങ്കൽ എന്ന നിലയിൽ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച ഡൽഹി കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം മൂവരേയും വിട്ടയക്കുകയായിരുന്നു. ഒരു വർഷത്തേയ്ക്ക് സമാധാന ലംഘനം നടത്തരുതെന്ന വ്യവസ്ഥയിലാണ് സിജെപി നേതാക്കളെ വിട്ടയച്ചിരിക്കുന്നത്. വ്ളോഗർ ധ്രുവ് റാഠിയെ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ഗുരുഗ്രാം പൊലീസ് വിട്ടയച്ചിരുന്നു.

ശനിയാഴ്ച രാവിലെ മുംബൈയിൽ നിന്ന് ഡൽഹിയിൽ വിമാനത്തിൽ വന്ന് ഇറങ്ങുമ്പോൾ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വച്ചാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. മുത്തശ്ശിയുടെ മരണത്തെക്കുറിച്ച് ദിപ്കെയെ അറിയിച്ചതായും വീട്ടിലേക്ക് പോകാൻ സഹായം വാഗ്ദാനം ചെയ്തതായും പൊലീസ് പറഞ്ഞു.

സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക എന്നിവർ (ഫയൽ ചിത്രം)
'ജന്തർമന്തർ 2.0' മാർച്ച് തുടരാൻ 'പാറ്റകളും' ഇടതു പാർട്ടികളും; ഡൽഹിയിൽ 30,000 പൊലീസുകാരെയും 200 കമ്പനി പാരാമിലിറ്ററി ഫോഴ്സിനേയും നിയോഗിച്ച് കേന്ദ്രം

സിജെപി നേതാക്കളെ പൊലീസ് വിട്ടയച്ചതായി പാർട്ടി നിയമവിഭാഗം മേധാവി രത്ന സിങ് സ്ഥിരീകരിച്ചു. മൂവരും സ്വതന്ത്രരായെന്ന് അഭിഭാഷകൻ സൗതിക് ബാനർജിയും സ്ഥിരീകരിച്ചു. അദ്ദേഹമാണ് ഇവർക്കായി സ്റ്റേഷനിൽ ഹാജരായത്.

അതേസമയം, ഡൽഹി പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് മാധ്യമ സംഘടനകൾ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് മാപ്പ് പറയണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഡൽഹി പോലീസിനോട് പരസ്യമായി മാപ്പ് പറയണമെന്നും നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ), ഇന്ത്യൻ വനിതാ പ്രസ് കോർപ്സ് (ഐഡബ്ല്യുപിസി) എന്നിവ ഉൾപ്പെടെ നാല് പത്രപ്രവർത്തക സംഘടനകൾ ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനേയും ഉപദ്രവിച്ചതിനേയും മാധ്യമ സംഘടനകൾ അപലപിച്ചു. ചില പത്രപ്രവർത്തകരുടെ ഫോണുകളും ഉപകരണങ്ങളും പിടിച്ചെടുത്തതായി ആരോപിക്കപ്പെടുന്നു. ദി ക്വിൻ്റ്, ദി വയർ, സ്ക്രോൾ, നവഭാരത് ടൈംസ്, ന്യൂസ് ലോൺട്രി എന്നിവയിലെ റിപ്പോർട്ടർമാരും മുതിർന്ന പത്രപ്രവർത്തകൻ പരഞ്ജോയ് ഗുഹ തകുർത്തയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

News Malayalam 24x7
newsmalayalam.com