

ഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതിയായിരുന്ന ശീഷ് മഹൽ മാധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്ത് ഡൽഹി സർക്കാർ. ആഡംബരത്തിൻ്റെ പര്യായമായ ബംഗ്ലാവിനുള്ളിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സൗകര്യങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ്മ നേരിട്ടെത്തി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
11.56 ലക്ഷം രൂപയുടെ ഷാൻഡ്‌ലിയർ, 30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്, 5.47 ലക്ഷം രൂപയുടെ സോഫ, 2.42 ലക്ഷം രൂപയുടെ റിക്ലൈനർ, 5.69 ലക്ഷം രൂപയുടെ കർട്ടനുകൾ തുടങ്ങി അതിശയിപ്പിക്കുന്ന ആഡംബര വസ്തുക്കളാണ് ബംഗ്ലാവിനുള്ളിൽ ഉണ്ടായിരുന്നത്.
നികുതിപ്പണം അരവിന്ദ് കെജ്‌രിവാൾ എങ്ങനെയാണ് ധൂർത്തടിച്ചതെന്ന് ജനങ്ങളെ കാണിക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക വാഹനമോ സർക്കാർ ബംഗ്ലാവോ ഉപയോഗിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കെജ്‌രിവാൾ, ഈ ഔദ്യോഗിക വസതിക്കായി കോടികളാണ് ചെലവഴിച്ചിരിക്കുന്നത്.
ബംഗ്ലാവിനുള്ളിലെ ഒരു പ്രത്യേക ഫേസ്ബുക്ക് ലൈവ് റൂമും മന്ത്രി മാധ്യമങ്ങൾക്ക് കാണിച്ചുകൊടുത്തു. ഈ മുറിയിൽ വളരെ ലളിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. കീറിയ ഒരു പഴയ തടിക്കസേരയാണ് ഇവിടെയുള്ളത്. താൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കെജ്‌രിവാൾ ഫേസ്ബുക്ക് ലൈവുകൾ നടത്തിയിരുന്നത് ഈ മുറിയിലിരുന്നാണെന്നും പർവേഷ് വർമ്മ പരിഹസിച്ചു. എട്ട് കിടപ്പുമുറികൾ, 12 ശുചിമുറികൾ, ജാക്കൂസി ബാത്ത്, സ്പാ, വിലകൂടിയ പരവതാനികൾ, അഞ്ച് ഒഎൽഇഡി ടിവികൾ, റിമോട്ട് കൺട്രോൾ വഴി നിറം മാറ്റാവുന്ന സ്മാർട്ട് ലൈറ്റിംഗ് സംവിധാനങ്ങൾ, വിയറ്റ്നാമീസ് മാർബിളുകൾ എന്നിവയും ഈ ബംഗ്ലാവിലുണ്ട്.
പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് അടുത്ത ആഴ്ച മുതൽ ശീഷ് മഹൽ പൊതുജനങ്ങൾക്കായും തുറന്നുകൊടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തും. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പ്രകാരം, എസ്റ്റിമേറ്റ് തുകയേക്കാൾ 342 ശതമാനം അധികം ചെലവഴിച്ച് 33.66 കോടി രൂപയ്ക്കാണ് ബംഗ്ലാവിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.