

റാഞ്ചി: ഭാര്യമാരെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം. ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് ഭാര്യമാരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വനമേഖലയിൽ കുഴിച്ചുമൂടിയ സംഭവമുണ്ടായത്. ഭാര്യമാർ തമ്മിലുണ്ടായിരുന്ന വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ശിവ് ശങ്കർ സാഹു, സഹോദരൻ നവീൻ സാഹു എന്നിവരാണ് സ്വന്തം ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ശിവ് ശങ്കറിന്റെ ഭാര്യ മിനി പ്രിയ (28), നവീന്റെ ഭാര്യ രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഈ തർക്കങ്ങളിൽ പ്രകോപിതരായ സഹോദരങ്ങൾ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ശിവ് ശങ്കർ ഓടിച്ചിരുന്ന ആംബുലൻസിൽ കയറ്റി അയൽജില്ലയായ സിംഡേഗയിലെ വനമേഖലയിലെത്തിച്ച് കുഴിച്ചുമൂടി.
പിന്നാലെ ഭാര്യമാരെ കാണാനില്ലെന്ന് കാട്ടി ഇരുവരും പൊലീസിൽ പരാതി നൽകി. അറിയിക്കാതെ വീടുവിട്ടുപോയെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ മൊഴികളിലെ വൈരുധ്യങ്ങൾ പൊലീസിന് സംശയമുണ്ടാക്കി. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരങ്ങൾ പുറത്തുവന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.