വിനേഷ് ഫോഗട്ടിനെ വിലക്കിയ നടപടി; ഗുസ്തി ഫെഡറേഷനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

കായികതാരങ്ങൾക്ക് മുൻകാലങ്ങളിൽ നൽകിയിരുന്ന ഇളവുകൾ പെട്ടെന്ന് റദ്ദാക്കിയ ഫെഡറേഷന്റെ പുതിയ സർക്കുലർ ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചു
വിനേഷ് ഫോഗട്ടിനെ വിലക്കിയ നടപടി; ഗുസ്തി ഫെഡറേഷനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
Published on
Updated on

ഡൽഹി: ഗുസ്തി ഫെഡറേഷനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഒളിംപ്യൻ വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ വിലക്കിയ നടപടിക്കെതിരെയാണ് വിമർശനം. വിനേഷിനെ ഏഷ്യൻ ഗെയിംസ് ട്രെയൽസിൽ പങ്കെടുപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഒരു വിദഗ്ധ സമിതി രൂപവത്കരിച്ച് താരത്തിന്റെ ശാരീരികക്ഷമത വിലയിരുത്തണമെന്നും കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജ് കർക്കര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രശസ്തരായ കായികതാരങ്ങൾക്ക് മുൻകാലങ്ങളിൽ നൽകിയിരുന്ന ഇളവുകൾ പെട്ടെന്ന് റദ്ദാക്കിയ ഫെഡറേഷന്റെ പുതിയ സർക്കുലർ ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചു. പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന തന്നെ മെയ് 30, 31 തീയതികളിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

വിനേഷ് ഫോഗട്ടിനെ വിലക്കിയ നടപടി; ഗുസ്തി ഫെഡറേഷനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
മഴ മുന്നറിയിപ്പിൽ മാറ്റം; ആലപ്പുഴയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

നേരത്തെ സിം​ഗിൾ ബെഞ്ച് വിനേഷ് സമർപ്പിച്ച ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് വിനേഷ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കഴിഞ്ഞ പാരീസ് ഒളിംപിക്സിലെ വിനേഷിന്റെ അയോഗ്യത 'ദേശീയ നാണക്കേട്' എന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെതിരെയും കോടതി അതൃപ്തി രേഖപ്പെടുത്തി.

കഴിഞ്ഞ ജൂലൈയിലാണ് അവർ ഒരു അമ്മയായത്. രാജ്യം മാതൃത്വത്തെ ആദരിക്കുമ്പോൾ, അത് ഒരു കായികതാരത്തിന്റെ കരിയറിന് തിരിച്ചടിയാകാൻ പാടില്ലെന്ന് കോടതി പറഞ്ഞു. അവർ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു ഗുസ്തി താരമാണ്. ഫെഡറേഷനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ കാരണം കായികരംഗവും കായികതാരങ്ങളും തകരരുതെന്നും കോടതി വാക്കാൽ പരാമർശിച്ചു. വിനേഷിനെ മാത്രം ലക്ഷ്യം വച്ചാണ് ഫെഡറേഷൻ പെട്ടെന്ന് യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു. വിദഗ്ധ സമിതി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയിക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

വിനേഷ് ഫോഗട്ടിനെ വിലക്കിയ നടപടി; ഗുസ്തി ഫെഡറേഷനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
"ബ്രിജ് ഭൂഷൺ ലൈംഗികമായി പീഡിപ്പിച്ച ആറ് പേരിൽ ഒരാൾ ഞാനാണ്"; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

2025 ഡിസംബറിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലും ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഫെഡറേഷൻ കപ്പിലും ജേതാക്കൾ ആയവർക്ക് മാത്രമേ ഏഷ്യൻ ​ഗെയിംസ് ട്രയൽസിന് പങ്കെടുക്കാൻ സാധിക്കൂവെന്നാണ് റെസ്ലിം​ഗ് ഫെഡറേഷൻ്റെ പുതിയ നിയമം. എന്നാൽ കഴിഞ്ഞ ജൂലൈയിൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയ വിനേഷിന് ഈ രണ്ട് ടൂർണമെൻ്റുകളിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പാരീസ് ഒളിംപിക്സുമായി ബന്ധപ്പെട്ട വിവാദപരമായ സംഭവങ്ങൾക്ക് ശേഷം ഗുസ്തിയിൽ നിന്ന് വിരമിച്ച വിനേഷ് ഫോഗട്ട് കഴിഞ്ഞ ഡിസംബറിൽ ആണ് തൻ്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

തിരിച്ചുവരവ് പ്രഖ്യാപിച്ചതു മുതൽ ഡബ്ല്യുഎഫ്ഐയുമായി നിരന്തരമായ പോരിലാണ് വിനേഷ് ഫോഗട്ട്. റാങ്കിങ് ടൂർണമെൻ്റിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് തന്നെ തടയാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വിനേഷ് വെളിപ്പെടുത്തിയെങ്കിലും ഡബ്ല്യുഎഫ്ഐ അത് നിഷേധിച്ചിരുന്നു. റാങ്കിങ് ടൂർണമെൻ്റ് വേദി ഉത്തർപ്രദേശിലെ ഗോണ്ടയിൽ ആക്കിയതിനെതിരെയും അവർ രംഗത്തെത്തിയിരുന്നു. റെസ്ലിം​ഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡൻ്റും ലൈംഗികാരോപണ വിധേയനുമായ ബ്രിജ് ഭൂഷൺ സിംഗിൻ്റെ തട്ടകമാണ് ഗോണ്ട. ഗോണ്ടയിലെ നന്ദിനി നഗർ മഹാവിദ്യാലയയിൽ വച്ചാണ് റാങ്കിങ് ടൂർണമെൻ്റ് നടക്കുന്നത്. മഹാവിദ്യാലയയുടെ സ്ഥാപകനും ഗോണ്ടയിൽ നിന്നുള്ള മുൻ ബിജെപി എംപി കൂടിയാണ് ബ്രിജ് ഭൂഷൺ.

ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താൻ ആണെന്നും താനുമൊരു ഇരയാണെന്നും വിനേഷ് ചൂണ്ടിക്കാട്ടിയിരുന്നു. 2023ൽ ബ്രിജ് ഭൂഷണിന് എതിരെ പീഡനാരോപണം ഉന്നയിച്ച് വലിയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ, ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരുടെ ഒപ്പം അതിൻ്റെ മുൻനിരയിൽ തന്നെ വിനേഷ് ഫോഗട്ടും ഉണ്ടായിരുന്നു. പ്രമുഖ താരങ്ങൾ ഉൾപ്പടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷൺ വിചാരണ നേരിടുന്ന ഈ സാഹചര്യത്തിൽ ഗോണ്ടയിൽ നടക്കുന്ന ടൂർണമെൻ്റിൽ പങ്കെടുക്കുന്നത് സുരക്ഷിതമല്ലെന്ന ആശങ്ക വിനേഷ് വ്യക്തമാക്കിയിരുന്നതാണ്. ഇതിന് പിന്നാലെയാണ് റാങ്കിങ് ടൂർണമെൻ്റിനെ പൂർണമായും ട്രയൽസിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള തീരുമാനം വന്നത്.

News Malayalam 24x7
newsmalayalam.com