ലൈംഗികാതിക്രമ ആരോപണ കേസുകളില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം ജാമ്യം നിഷേധിക്കുകയായിരുന്നു. ആരോപണങ്ങളുടെ ഗൗരവവും കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന്റെ ആവശ്യകതയും കണക്കിലെടുത്താണ് തീരുമാനം. അന്വേഷണത്തോട് സഹകരിക്കാനും കോടതി നിര്‍ദേശിച്ചു.
'നിലവിലെ കേസ് പ്രാരംഭഘട്ടത്തിലാണ്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന, ഫണ്ടിന്റെ ദുരുപയോഗം തുടങ്ങി നിരവധി കേസുകളില്‍ കൃത്യമായി അന്വേഷിക്കുന്നതിനായി കസ്റ്റഡിയിലെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ തരുന്ന വിവരം അനുസരിച്ച്, നിലവില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ പ്രതിയില്ല. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതായും മനസിലാക്കുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നു,' അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹര്‍ദീപ് കൗര്‍ പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തിലെ 17ഓളം പെണ്‍കുട്ടികളെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതായി ആരോപണമുള്ളത്. എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങളാണ് വസന്ത് കുഞ്ചിലെ ശൃംഖേരി മഠം മേധാവികൂടിയായ ചൈതന്യ സരസ്വതിക്കെതിരെ നല്‍കിയിരിക്കുന്നത്.
ചൈതന്യാനന്ദ സരസ്വതി വനിതാ ഹോസ്റ്റലില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. വിദേശ യാത്രകളിലും വിദ്യാര്‍ഥികളെ കൊണ്ടു പോയിരുന്നു. ഇഷ്ടപ്രകാരമല്ലാതെ വിദ്യാര്‍ഥികളിലൊരാളുടെ പേര് മാറ്റാന്‍ നിര്‍ബന്ധിച്ചു. വിദ്യാര്‍ഥികള്‍ക്ക് വാട്‌സ്ആപ്പ്, എസ്എംഎസ് വഴിയും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
ചൈതന്യാനന്ദ സരസ്വതിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചൈതന്യാനന്ദ സ്ത്രീകള്‍ക്കയച്ച ലൈംഗികച്ചുവയുള്ള സന്ദേശങ്ങളുടെ ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സന്ദേശങ്ങളില്‍ ചൈതന്യാനന്ദ സ്ത്രീകളെ മുറിയിലേക്ക് വിളിക്കുകയും വിദേശയാത്ര വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരു സന്ദേശത്തില്‍ സ്ത്രീക്ക് സമ്പത്ത് വാഗ്ദാനം ചെയ്യുകയും മറ്റൊന്നില്‍ വിദ്യാര്‍ഥിനിയുടെ മാര്‍ക്ക് കുറച്ച് തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നെ അനുസരിച്ചില്ലെങ്കില്‍, തോല്‍പ്പിക്കുമെന്നാണ് ചൈതന്യാനന്ദയുടെ ഭീഷണി.
വാട്‌സ്ആപ്പ് കോളുകളോ സന്ദേശങ്ങളോ വഴിയാണ് ഇയാള്‍ ആദ്യം പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടിരുന്നത്. ആദ്യത്തെ സന്ദേശങ്ങളില്‍ ഭീഷണിയൊന്നും ഉണ്ടാവില്ലെങ്കിലും, പിന്നീട് വിചാരിച്ച തരത്തില്‍ വിദ്യാര്‍ഥിനികള്‍ മറുപടി നല്‍കാതിരിക്കുമ്പോഴാണ് ഭീഷണിയിലേക്ക് എത്തുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും തോല്‍പ്പിക്കുമെന്നുമാണ് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുന്നത്. പ്രധാനമായും പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട പെണ്‍കുട്ടികളെയാണ് ഇയാള്‍ ഉന്നം വെക്കുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.
17 വിദ്യാര്‍ഥികളാണ് സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയ്ക്കെതിരെയാണ് ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ 17ഓളം വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. സ്ഥാപനത്തില്‍ ഡിപ്ലോമ കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണം.