ന്യൂ ഡൽഹി: കനത്ത മൂടൽ മഞ്ഞും, വിഷപ്പുകയും മൂലം താറുമാറായി ഡൽഹിയിലെ വിമാന, റോഡ്, ട്രെയിൻ ഗതാഗതം. ഇന്ന് ഇതുവരെ ഡൽഹി വിമാനത്താവളത്തിൽ 200ലധികം വിമാനങ്ങൾ വൈകിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയും മൂടൽമഞ്ഞും കാരണം വടക്കൻ റെയിൽവേ സർവീസ് നടത്തുന്ന 50ലധികം ട്രെയിനുകളും വൈകി.
വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് ദൃശ്യപരതയെ ബാധിക്കുന്നുണ്ടെന്നും ഏതാനും വിമാനത്താവളങ്ങളിലെ വിമാന പ്രവർത്തനങ്ങളിൽ സമയമാറ്റം ഉണ്ടായേക്കാമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) മുന്നറിയിപ്പ് നൽകി. യാത്രക്കാർ തങ്ങളുടെ വിമാനക്കമ്പനികളുമായി ഔദ്യോഗിക സൈറ്റുകൾ വഴി ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്നും വിമാനത്താവള യാത്രയ്ക്കും തുടർനടപടികൾക്കും അധിക സമയം അനുവദിക്കണമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, 10 മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ് തുടരുന്നതെന്ന് വിമാനത്താവളം അറിയിച്ചു. പുതുക്കിയ വിമാന ഷെഡ്യൂളുകൾക്കായി യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദേശം നൽകി.
തലസ്ഥാനത്തെ വായു ഗുണനിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, രാവിലെ 7 മണിയോടെ 390 ആയി രേഖപ്പെടുത്തി, ഇത് 'വളരെ മോശം' വിഭാഗത്തിലാണ്. ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മലിനീകരണ തോത് ആശങ്കാജനകമായ വിധം ഉയർന്ന നിലയിൽ തുടരുകയാണ്.