വിമാന യാത്രക്കാർക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി ഡിജിസിഎ. ടിക്കറ്റ് റീഫണ്ടിങ്ങിലും അധിക ചാർജിങ് മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. പുതിയ മാറ്റം അനുസരിച്ച് ഇനി എയർലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത്, 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുന്നതിനോ, മാറ്റങ്ങൾ വരുത്തുന്നതിനോ അധിക നിരക്ക് ഈടാക്കില്ല. മെഡിക്കൽ എമർജൻസി മൂലമുള്ള ടിക്കറ്റ് റദ്ദാക്കലിനും ഇളവുണ്ടാകും.
ട്രാവൽ ഏജന്‍റുമാരിൽ നിന്നോ പോർട്ടലുകളിൽ നിന്നോ വാങ്ങിയ ടിക്കറ്റുകളില്‍, റീഫണ്ടിങ്ങിന്റെ ഉത്തരവാദിത്തം എയർലൈനുകൾക്കായിരിക്കും. 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് പ്രക്രിയ പൂർത്തിയാക്കുന്നു എന്ന് വിമാനകമ്പനികള്‍ ഉറപ്പുവരുത്തണമെന്നും ഡിജിസിഎ വ്യക്തമാക്കി.
ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളിൽ പേരിൽ തെറ്റ് സംഭവിച്ചാൽ, വിമാന ടിക്കറ്റ് എയർലൈനിന്റെ വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്തതെങ്കിൽ അതിൽ മാറ്റങ്ങൾ വരത്തുന്നതിന് അധിക ചാർജ് ഈടാക്കരുതെന്നും ഡിജിസിഎ നിർദേശിക്കുന്നു.
ടിക്കറ്റ് ക്യാൻസലിങ് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം റീഫണ്ട് ലഭിക്കാനെടുക്കുന്ന കാലതാമസവും തടസങ്ങളും ചൂണ്ടിക്കാണിച്ച് യാത്രക്കാരുടെ പരാതി വർധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 2025 ഡിസംബറിലെ ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയ സമയത്ത് കൃത്യമായി റീഫണ്ട് നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനിക്ക് നിർദേശം നൽകിയിരുന്നു.