
മംഗലാപുരം: കര്‍ണ്ണാടക ധര്‍മ്മസ്ഥലയിൽ കൂട്ട ശവസംസ്കാരം നടത്തിയെന്ന വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള തെരച്ചിലില്‍ രണ്ടാം ദിവസവും ഒന്നും കണ്ടെത്താനായില്ല. അഞ്ച് പോയിന്റുകളിലാണ് ഇതുവരെ കുഴിയെടുത്ത് പരിശോധന നടത്തിയത്. നാളെ മലമുകളിലെ കൂടുതല്‍ പോയിന്റുകള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
രാവിലെ 11.30നാണ് രണ്ടാം ദിവസത്തെ പരിശോധന ആരംഭിച്ചത്. നേത്രാവതി പുഴയുടെ തീരത്തിന് സമീപത്തെ കുന്നിന്‍ മുകളിലാണ് ഇന്ന് കുഴിച്ചുള്ള പരിശോധന നടത്തിയത്. ഇന്ന് നാലു പോയിന്റുകളില്‍ മൂന്നടി താഴ്ചയില്‍ പരിശോധിച്ചെങ്കിലും ഒരു തെളിവും ലഭിച്ചില്ല. രണ്ടില്‍ ആദ്യം കുഴിയെടുത്തപ്പോള്‍ വെള്ളക്കെട്ടുണ്ടായെങ്കിലും പിന്നീട് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കിയാണ് തെരച്ചില്‍ നടത്തിയത്.
നാലടി കുഴിച്ചിട്ടും ഒന്നും ലഭിക്കാതായതോടെ അടുത്ത പോയിന്റുകളിലേക്ക് കടക്കുകയായിരുന്നു. ഇവിടെയും മൂന്നടി കുഴിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായില്ല. ദൃക്‌സാക്ഷിയുടെ നിര്‍ദേശപ്രകാരമാണ് എല്ല കുഴികളുമെടുത്തത്. കുന്നിന്‍ മുകളിലെ പരിശോധനയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുമെന്നാണ് സാക്ഷി അന്വേഷണ സംഘത്തോട് പറഞ്ഞത്.
ഡിജിപി പ്രണബ് മൊഹന്തിയും ഡിഐജി അനുഛേതും സ്ഥലം സന്ദര്‍ശിച്ചു. കുഴിയെടുക്കുന്ന സ്ഥലത്തെത്തി ഇരുവരും കാര്യങ്ങള്‍ നേരില്‍ കണ്ടു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഒന്നും പറയാനാകില്ലെന്നും സന്ദര്‍ശന ശേഷം ഡിജിപി പറഞ്ഞു.
ഇതുവരെ പരിശോധിച്ച അഞ്ച് സ്ഥലങ്ങളിലും ഒന്നും കണ്ടെത്താനായില്ലെങ്കിലും പതിമൂന്ന് പോയിന്റുകളിലും പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രദേശത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിരുന്നു. നേത്രാവതി പുഴയുടെ സ്‌നാന ഘട്ടത്തിന് സമീപവും സംസ്ഥാനപാതയില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള പോയിന്റുകളാണ് ഇവ. ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണവും തെളിവെടുപ്പും നടക്കുന്നത്.