
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലപാതക ആരോപണമാണ് ധര്‍മസ്ഥലയിലേത്. ആരാണ് ഈ കേസിലെ പ്രതി? നൂറിലേറെ സ്ത്രീകള്‍ കൊല്ലപ്പെട്ടു എന്നത് ഇനിയും തെളിയിക്കപ്പെടേണ്ടതാണ്. പക്ഷേ, ധര്‍മസ്ഥലയില്‍ 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ മാത്രം അഞ്ഞൂറോളം പേരേ കാണാതായിട്ടുണ്ട്. 1986ല്‍ നടന്ന കൊലപാതകത്തില്‍ വരെ ഇപ്പോള്‍ സംശയം ഉയരുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രമല്ല, പുരുഷന്മാരുടെ മരണത്തിലും പരാതി ഉയരുന്നുണ്ട്. ധര്‍മസ്ഥലയില്‍ ഭൂമിയുള്ള കണ്ണൂര്‍ സ്വദേശി കെ.ജെ. ജോയി മരിച്ചു. അതും കൊലപാതകമാണെന്ന് ആരോപിക്കുകയാണ് ഇപ്പോള്‍ കുടുംബം. അവര്‍ നേരിട്ടുതന്നെ കുറ്റമാരോപിക്കുന്നത് ഏറ്റവും ഉന്നതന് എതിരേയാണ്. ധര്‍മസ്ഥലയിലെ ധര്‍മാധികാരിയായ വീരേന്ദ്ര ഹെഗ്ഗാഡേയുടെ അടുപ്പക്കാരന്‍ തന്നെയാണ് അവരുടെ പരാതിയില്‍ പ്രതിസ്ഥാനത്തുള്ളത്. ഹെഗ്ഗാഡേ രാജ്യസഭാ എംപിയാണ്. ഒന്നും രണ്ടുമല്ല, 462 അസ്വാഭാവിക മരണങ്ങളാണ് ഇനി കര്‍ണാടക പൊലീസ് അന്വേഷിക്കേണ്ടത്. അവരതു ചെയ്യുമോ?
ആരാണ് ധര്‍മസ്ഥലയിലെ ആ കൊലയാളി?
ധര്‍മസ്ഥലയിലെ ധര്‍മാധികാരി വിരേന്ദ്ര ഹെഗ്ഗാഡേ ആരോപണമുനയിലാകുന്നത് ഇതാദ്യമല്ല. 2012ല്‍ സൗജന്യ എന്ന പതിനേഴുകാരി കൊല്ലപ്പെട്ടപ്പോള്‍ ആരോപണം ഉയര്‍ന്നിരുന്നു. അന്നാണ് ആദ്യമായി ഈ വിഷയത്തില്‍ ധര്‍മാധികാരി ഒരു പ്രസ്താവന ഇറക്കിയത്. ധര്‍മസ്ഥലയുടെ പേര് ചീത്തയാക്കാന്‍ ചിലര്‍ രംഗത്തെത്തിയിരിക്കുന്നു എന്നായിരുന്നു പ്രതികരണം. സൗജന്യയുടെ കൊലപാതകത്തില്‍ ആരോപണമുയര്‍ന്നതിനു പിന്നാലെ നിരവധി കൊലപാതകകേസുകളിലും സംശയമുന ആ ദിശയില്‍ നീണ്ടു. 1986ല്‍ ഒരു കൊലപാതകം നടന്നപ്പോള്‍ തന്നെ ഉന്നതര്‍ക്കെതിരേ കുടുംബം ആരോപണം ഉന്നയിച്ചതാണ്. കോളജില്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ പത്മലത തിരികെ വന്നില്ല. നേത്രാവതി നദിയില്‍ നിന്ന് 56 ദിവസത്തിനു ശേഷം മൃതദേഹം കണ്ടെത്തി. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ എന്താണ് കാരണമെന്നോ ആരാണ് പ്രതികളെന്നോ അന്ന് പൊലീസ് കണ്ടെത്തിയില്ല. അന്നു മുതല്‍ പത്മലതയുടെ സഹോദരി ചന്ദ്രവതി പരാതികള്‍ നല്‍കിക്കൊണ്ടിരിക്കുന്നതാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ കാലത്തു മാത്രമല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ വേറെയും ആരോപണങ്ങളുണ്ട്.
ധര്‍മസ്ഥലയിലെ തൊഴിലാളി പറയുന്നത്
1995 മുതല്‍ 2014 വരെയുള്ള കാലത്തെ കഥകളാണ് തൊഴിലാളി വെളിപ്പെടുത്തുന്നത്. 12നും 15നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ടിവന്നതും മൊഴിയിലുണ്ട്. അതിക്രൂരമായി ബലാല്‍സംഗം ചെയ്ത ശരീരമാണ് ലഭിച്ചതെന്നാണ് വെളിപ്പെടുത്തല്‍. സ്‌കൂള്‍ യൂണിഫോമിലായിരുന്ന കുട്ടിയെ അങ്ങനെ തന്നെ കുഴിച്ചിട്ടു. 2010ല്‍ കല്ലേരിയിലെ പെട്രോള്‍ പമ്പിന് സമീപമാണ് ശരീരം കുഴിച്ചിട്ടത്. ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കിയ രീതിയിലാണ് ഒരു ഇരുപതുകാരിയുടെ മൃതദേഹം കിട്ടിയത്. പത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. ഡീസല്‍ ഒഴിച്ചു കത്തിച്ചു കളയണം എന്ന നിര്‍ദേശത്തോടെയാണ് ആ ശരീരം ലഭിച്ചതെന്നും മൊഴിയിലുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെല്ലാം ഉന്നതരുമായി അടുപ്പമുള്ള സൂപ്പര്‍വൈസര്‍മാരാണ്. 2014ല്‍ സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതോടെയാണ് തൊഴിലാളി നാടുവിട്ടത്.അയല്‍ സംസ്ഥാനങ്ങളില്‍ ജീവിക്കുകയായിരുന്നു ഇത്രയും കാലം. കുറ്റബോധം സഹിക്കവയ്യാതെ എല്ലാം വെളിപ്പെടുത്താന്‍ തീരുമാനിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത്. നക്‌സല്‍ വര്‍ഗീസ് വധക്കേസ് പോലെ പതിറ്റാണ്ടുകള്‍ക്കു ശേഷം വെളിപ്പെടുത്തല്‍ ഉണ്ടാവുകയാണ്. വെറുമൊരു സാക്ഷിയല്ല വെളിപ്പെടുത്തുന്നത്. മൃതദേഹങ്ങള്‍ നശിപ്പിച്ച കൂട്ടുപ്രതി തന്നെയാണ്.
ആരൊക്കെയാണ് ആ ഉന്നതര്‍
ഇപ്പോഴത്തെ പരാതിയില്‍ നിന്നു വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. പ്രതിസ്ഥാനത്ത് ഒരു ഉന്നതന്‍ മാത്രമല്ല ഉള്ളത്. കൊലപാതകികള്‍ക്ക് വളരാന്‍ ആവശ്യമായ സാഹചര്യം അവിടെ സൃഷ്ടിച്ചു നല്‍കിയിരിക്കുകയാണ്. കുറ്റവാളികളുടെ ഒരു കൂട്ടമാണ് അവിടെ വളര്‍ന്നുവന്നിരിക്കുന്നത്. ഒരു ഗൂണ്ടയുടെ കീഴില്‍ അനേകം ഗൂണ്ടകള്‍ എന്നതുപോലെ അനേകം കൊലയാളികള്‍ ധര്‍മസ്ഥലയില്‍ ഉണ്ടാകാം. ബലാല്‍സംഗവും കൊലപാതകവും ഇങ്ങനെ നിസ്സാരമായി ചെയ്തു കൂട്ടിയ മറ്റൊരു കേസും ലോകത്ത് ഉണ്ടാകില്ല. യുദ്ധങ്ങളുടെ ഭാഗമായി നടക്കുന്ന ബലാല്‍സംഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും വലിയ ബലാല്‍സംഗ പരമ്പരയാണ് ധര്‍മസ്ഥലയില്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വന്തം ജീവന്‍ അപകടത്തിലാകുമോ എന്ന ഭയത്താല്‍ സീല്‍ ചെയ്ത കവറില്‍ പ്രതികളുടെ പേരെഴുതി സുപ്രീംകോടതി അഭിഭാഷകനെ ഏല്‍പ്പിച്ചിരിക്കുകയാണ് ജീവനക്കാരന്‍. ആരോപണം ഉയര്‍ന്നപ്പോഴേ അതു നിഷേധിച്ചു രംഗത്തുവന്നത് ബിജെപി നേതാക്കളാണ്. അങ്ങനെയൊരു സംഭവം അസംഭവ്യമാണെന്നാണ് അരവിന്ദ് ബല്ലാഡ് എംഎല്‍എ പറയുന്നത്. ഏതായാലും ദക്ഷിണ കന്നഡ പൊലീസ് ഭാരതീയ ന്യായ സംഹിതയില്‍ 211 എ വകുപ്പ് ചേര്‍ത്ത് കേസ് എടുത്തു. ബല്‍ത്തങ്ങാടി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ജീവനക്കാരന്‍ രഹസ്യമൊഴിയും നല്‍കി. 2003ല്‍ കാണാതായ അനന്യഭട്ടിന്റെ മാതാവ് സുജാത ജൂലൈ 15ന് പുതിയ പരാതി നല്‍കി. അന്നേ സംശയം പറഞ്ഞിരുന്ന കുടുംബം ഇപ്പോള്‍ വീണ്ടും അന്വേഷണത്തിന് ആവശ്യം ഉന്നയിക്കുകയാണ്. ധര്‍മസ്ഥലയിലേക്ക് കോളജില്‍ നിന്നുള്ള യാത്രയിലാണ് അനന്യയെ കാണാതായത്.
ആരോപണങ്ങള്‍ അത്യന്തം ഗുരുതരം
ധര്‍മസ്ഥലയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളൊന്നും നിസ്സാരമല്ല. ഓരോ കേസും അത്യന്തം ദുരൂഹമാണ്. നേരത്തെ തന്നെ 462 അസ്വാഭാവിക മരണകേസുകള്‍ പ്രദേശത്തുണ്ട്. ധര്‍മസ്ഥലയിലും പരിസരത്തുമായി നൂറുകണക്കിനു പേരെ കാണാതായ പരാതികള്‍ വേറെയുമുണ്ട്. ദൂരെയുള്ള പലരേയുമാണ് കാണാതാകുന്നത് എന്നതിനാല്‍ പരാതിയില്‍ സമ്മര്‍ദം ചെലുത്താന്‍ രക്ഷിതാക്കള്‍ക്കു സാധിക്കാതെ പോകുന്നു. അങ്ങനെ ഒതുങ്ങിത്തീര്‍ന്ന കേസുകളൊക്കെയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഓരോ കേസും എടുത്താല്‍ പന്ത്രണ്ടുകാരി, പതിനെട്ടുകാരി, ഇരുപത്തിയൊന്നുകാരി, ഒന്‍പതുകാരി എന്നിങ്ങനെ പോവുകയാണ്. ചെറിയകുട്ടികളെയും യൌവനത്തിലേക്കു പ്രവേശിച്ചവരേയുമാണ് പീഡകര്‍ ലക്ഷ്യമിട്ടത്. കൂട്ടംതെറ്റി നടന്നവരേയും ഒറ്റയ്ക്കായിപ്പോയവരേയും വേട്ടയാടി പിടിക്കുകയായിരുന്നു. കൂട്ടുകാരോടൊപ്പം നടന്ന പെണ്‍കുട്ടികളെ പൊടുന്നനെ കാണാതായ കേസുകളാണ് അധികവും. കെട്ടിടത്തിന്റെ മറവില്‍ കാത്തുനിന്നും വാഹനങ്ങളില്‍ എത്തിയുമാണ് പ്രതികള്‍ ഇരകളെ പിടിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോഴിതെല്ലാം അപസര്‍പ്പക കഥകളെ വെല്ലുന്ന നിഗൂഢതകള്‍ മാത്രമാണ്. വെളിപ്പെടുത്തലില്‍ സത്യമുണ്ട് എന്നു കരുതാന്‍ നിരവധി കാരണങ്ങളുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ പുറത്തുവരിക തന്നെ വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു സംഭവിക്കുമോ എന്നാണ് സംശയം.