

ഡൽഹി: ഡൽഹി പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയല്ല ചെയ്തത് മറിച്ച് ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോകുകയാണുണ്ടായതെന്ന് പ്രമുഖ യൂട്യൂബർ ധ്രുവ് റാത്തി ആരോപിച്ചു. തനിക്ക് ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ചുകൊണ്ട് യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ വിദേശ പൗരനാണെന്ന തരത്തിൽ ഗോഡി മീഡിയ നടത്തുന്ന പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും ധ്രുവ് റാത്തി വ്യക്തമാക്കി. താനൊരു ഇന്ത്യൻ പൗരനാണെന്നും തനിക്ക് അവകാശം ഉണ്ടെന്നും ധ്രുവ് വ്യക്തമാക്കി.
ഉറങ്ങുകയായിരുന്ന സമയത്ത് യൂണിഫോം ധരിക്കാത്ത അമ്പതോളം ആളുകൾ വീടിൻ്റെ വാതിൽ തകർത്ത് അകത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടാണ് താൻ ഉണർന്നതെന്നും യാതൊരുവിധ നിയമപരമായ അറസ്റ്റ് വാറൻ്റോ തിരിച്ചറിയൽ രേഖകളോ കാണിക്കാതെ തന്നെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും ധ്രുവ് റാത്തി പറഞ്ഞു.
ചെരുപ്പ് ധരിക്കാൻ പോലും സമയം നൽകാതെയാണ് ജീപ്പിൽ കയറ്റി കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിലെത്തിയിട്ടും അഭിഭാഷകനെ കാണാനോ ഫോൺ ഉപയോഗിക്കാനോ ഉള്ള അനുവാദം നിഷേധിക്കപ്പെട്ടതായും ധ്രുവ് റാത്തി ആരോപിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് റാത്തിയെ പൊലീസ് വിട്ടയച്ചത്.
ജന്തർ മന്തറിലേയ്ക്ക് പോകരുത് എന്ന ഉപാധിയോടെയാണ് പൊലീസ് വിട്ടയച്ചതെന്നാണ് വിവരം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിലെ സിജെപി സമരത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഇന്നലെ ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഗുരുഗ്രാം പൊലീസ് ധ്രുവ് റാത്തിയെ കസ്റ്റഡിയിലെടുത്തത്.