

ഇംഫാൽ: മണിപ്പൂരിലെ ഹിൽ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ ആരംഭിച്ച അക്രമ സംഭവങ്ങളിൽ മരണ സംഖ്യ ഒൻപതായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഈ മേഖലകളിലായി 14 ഓളം വീടുകൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ശനിയാഴ്ച കാംജോങ്, ഉർഖുൽ ജില്ലകളിലായി അഞ്ചോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ മാത്രം 10 വീടുകൾക്കും 20 കടകൾക്കും അക്രമിസംഘം തീയിട്ടിരുന്നു.
സംഭവത്തിന് പിന്നാലെ മണിപ്പൂർ മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. സംസ്ഥാനത്ത് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പുനൽകി.
കാംജോങ് ജില്ലയിലെ ചസാദ് ഗ്രാമത്തിൽ സായുധ സംഘങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവയ്പ്പിനിടയിൽ കുക്കി വിഭാഗക്കാരിയായ 42കാരി വീട്ടമ്മ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി അക്രമപരമ്പരയ്ക്ക് തുടക്കമായത്. മണിപ്പൂർ പൊലീസ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐആർബി), അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) എന്നിവർ സംയുക്തമായി ചസാദിലെ അനധികൃത ബങ്കറുകൾ പൊളിച്ചുമാറ്റാനുള്ള ഓപ്പറേഷൻ ആരംഭിച്ചപ്പോൾ പ്രദേശത്തെ സ്ത്രീകൾ ഇവരെ തടയുകയായിരുന്നു.
തുടർന്ന് അജ്ഞാതരായ അക്രമികൾ സുരക്ഷാ സംഘത്തിന് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരും തിരിച്ചടിച്ചു. തുടർന്നാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിൽ അജ്ഞാതരായ അക്രമിസംഘം നിരവധി വീടുകൾക്ക് തീയിട്ടതോടെ സംഘർഷം രൂക്ഷമായി. നാഗ, കുക്കി സമുദായത്തിൽപ്പെട്ട ആളുകളുടെ ഏകദേശം 14 വീടുകൾ അഗ്നിക്കിരയായെന്നാണ് റിപ്പോർട്ട്.