

ശ്രീലങ്കക്കും ബംഗാൾ ഉൾക്കടലിനും മുകളിലെ ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി മാറിയതിനെ തുടർന്ന് ഡിറ്റ് വാ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത. ഇതേ തുടർന്ന് കേരളത്തിൻ്റെ സമീപ സംസ്ഥാനങ്ങളായ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മറ്റന്നാൾ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വ്യാഴാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരത്തും രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നത്.
ശ്രീലങ്കയുടെ തെക്കുകിഴക്കൻ ഭാഗത്തും സമീപ ജലാശയങ്ങളിലും അടുത്ത രണ്ട് ദിവസത്തേക്ക് ന്യൂനമർദം നിലനിൽക്കുമെന്നും പിന്നീട് ഇന്ത്യൻ തീരത്തേക്ക് അടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ തീരത്ത് തന്നെ തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണം നടത്തണമെന്നും തീരദേശ സംസ്ഥാനങ്ങളിലെ അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.