

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കഴുതയുടെ പേരില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ അനുവദിച്ചതില്‍ അന്വേഷണം ആരംഭിച്ചു. 'ഡോങ്കി MPNRC' എന്ന പേരിലാണ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. അപേക്ഷയില്‍ അച്ഛന്റെ പേര് 'ഡോങ്കി ഫാദര്‍' എന്നും അമ്മ 'ഡോങ്കി മദര്‍' എന്നും ജാതി 'മൃഗം' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രേഖകൾ പരിശോധിക്കാതെ 2050 രൂപ ഫീസ് വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന് തെളിയിക്കാനായി എന്‍എസ്‌യുഐ പ്രവര്‍ത്തകരാണ് കഴുതയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സർട്ടിഫിക്കറ്റിന് 2031 സെപ്റ്റംബർ 24 വരെ കാലാവധിയുണ്ടെന്നും പരാതിയിലുണ്ട്.
യാതൊരു പരിശോധനയുമില്ലാതെ തങ്ങള്‍ക്ക് കഴുതയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ നിയമ നടപടിയുമായി മുന്നോട്ടുപോവുകയാണ് എന്‍എസ്‌യുഐ നേതാക്കളായ രവി പര്‍മാരും അക്ഷയ് തോമറും. ഇവര്‍ രേഖകള്‍ സഹിതം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭോപ്പാല്‍ പൊലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മധ്യപ്രദേശ് നഴ്‌സിങ് രജിസ്‌ട്രേഷന്‍ കൗണ്‍സിലിന്റെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അധികൃതരുടെ വെരിഫിക്കേഷന്‍ നടപടികളിലെ വീഴ്ചയും അപര്യാപ്തതയും വലിയ ചര്‍ച്ചയായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.