

ട്രെയിനിൽ കർപ്പൂരം കത്തിച്ച് പൂജ നടത്തിയാൽ ആയിരം രൂപ പിഴയോ മൂന്ന് വർഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ മുന്നറിയിപ്പ്.ശബരിമല ഭക്തർ ട്രെയിനിൽ പൂജ നടത്തുന്നെന്ന പരാതിയിലാണ് റെയിൽവേ ഇടപെടൽ. ഇത്തരം സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ 182 എന്ന നമ്പറിൽ പരാതിപ്പെടണമെന്നും റെയിൽവേ അറിയിച്ചു.
യാത്രാ സുരക്ഷ കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം. തീപ്പെട്ടി, ഗ്യാസ് സിലിണ്ടർ, പെട്രോൾ എന്നിവ ട്രെയിനിൽ കൊണ്ടുപോകരുതെന്നും റെയിൽവേ നിർദേശിച്ചു.
കഴിഞ്ഞ ദിവസം മുംബൈയിൽ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കിടെ കെറ്റിൽ ഉപയോഗിച്ച് ന്യൂഡിൽസ് പാചകം ചെയ്ത സ്ത്രീക്കെതിരെ സെക്ഷൻ 154 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർ ട്രെയിനുള്ളിൽ പാചകം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്നായിരുന്നു റെയിൽവേയുടെ നടപടി. ഇതിന് പിന്നാലെ ഇവർ ഇൻസ്റ്റാഗ്രാമിലൂടെ ക്ഷമാപണ വീഡിയോയും പങ്കുവെച്ചിരുന്നു.