പാട്ന: ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ബിഹാറിലെയും പശ്ചിമ ബംഗാളിലെയും വോട്ടർ പട്ടികയിൽ പ്രശാന്തിന്റെ പേരുണ്ടെന്ന് കാണിച്ചാണ് നോട്ടീസ്. വിഷയത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രണ്ട് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പ്രശാന്തിന്റെ പേരുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. ബീഹാറിലെയും പശ്ചിമ ബംഗാളിലെയും വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് പ്രശാന്ത് കിഷോറും സമ്മതിക്കുന്നു. ഇത് സംഭവിച്ചത് തന്റെ സ്വന്തം അശ്രദ്ധ കൊണ്ടല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധ കൊണ്ടാണെന്നാണ് പ്രശാന്ത് കിഷോറിൻ്റെ വാദം.
ബിഹാറിലെ കർഗഹാർ പോളിങ് ബൂത്തിലും, വെസ്റ്റ് ബംഗാളിലെ ബബാനിപൂരിലും പ്രശാന്ത് കിഷോറിൻ്റെ പേരുണ്ടെന്നാണ് നോട്ടീസിൽ പറയുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം, ഒരു വ്യക്തിയെ ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടറായി ചേർക്കാൻ കഴിയില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നതിന് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയമാകുമെന്ന് പ്രശാന്ത് കിഷോറിന് നൽകിയ നോട്ടീസിൽ പറയുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുൻപായി, യോഗ്യതയില്ലാത്ത എൻട്രികൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ, ബിഹാറിലുടനീളം എസ്ഐആർ നടപ്പിലക്കായതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ബിഹാറിൽ 7.4 കോടിയിലധികം വോട്ടർമാരുണ്ട്.