

ദില്ലി: 2024-ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ 200 മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷം എത്ര പേർ വോട്ട് ചെയ്തു എന്നതിന്റെ കണക്കുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ. സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ 'ദ റിപ്പോർട്ടേഴ്സ് കളക്ടീവ്'തങ്ങളുടെ 'ഇലക്ഷൻ ഓഡിറ്റ്' പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഈ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലായി 467 നിയമസഭാ മണ്ഡലങ്ങളിലെയും 63 ലോക്സഭാ മണ്ഡലങ്ങളിലെയും ആകെ 530 സീറ്റുകളിലെ റിട്ടേണിംഗ് ഓഫീസർമാർ നൽകിയ 4,212 രേഖകളാണ് മാധ്യമപ്രവർത്തകർ പരിശോധിച്ചത്. 2024-ലെ തിരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വൈകിട്ട് ആറ് മണിയായിരുന്നു. എന്നാൽ 530-ൽ 200 മണ്ഡലങ്ങളിലും അവസാന മണിക്കൂറായ അഞ്ച് മുതൽ ആറ് മണി വരെയുള്ള വോട്ടിംഗ് വിവരങ്ങൾ റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളിൽ ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം വോട്ടെടുപ്പ് ദിവസങ്ങളിൽ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും പ്രിസൈഡിംഗ് ഓഫീസർമാർ ബൂത്തുകളിൽ രേഖപ്പെടുത്തുന്ന വോട്ടുകളുടെ എണ്ണവും, വോട്ടർമാരുടെ രജിസ്റ്ററായ ഫോം 17A-യിൽ രേഖപ്പെടുത്തുന്ന വോട്ടർമാരുടെ എണ്ണവും ഒത്തുനോക്കി 'പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറി'യിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ വരിയിൽ നിൽക്കുന്നവർക്ക് ക്രമനമ്പർ ഇട്ട സ്ലിപ്പുകൾ നൽകുകയും അതിന്റെ എണ്ണം രേഖപ്പെടുത്തുകയും വേണം. എന്നാൽ പരിശോധിച്ച 530 സീറ്റുകളിൽ 23 എണ്ണത്തിൽ ഇത്തരത്തിൽ വിതരണം ചെയ്ത സ്ലിപ്പുകളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ ക്രമക്കേടുകൾക്ക് സാധ്യതയുള്ള അവസാന മണിക്കൂറുകളിലെ ഈ രേഖകൾ ഇല്ലാത്തത് ബൂത്തുതലത്തിലുള്ള പരിശോധനകളെ ബാധിക്കുമെന്നും അതേസമയം എവിടെയെങ്കിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നതായി തങ്ങൾ നിഗമനത്തിലെത്തുന്നില്ലെന്നും 'ദ റിപ്പോർട്ടേഴ്സ് കളക്ടീവ്' വ്യക്തമാക്കുന്നു.
കണക്കുകൾ ഇല്ലാത്ത 200 മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിൽ 114 ഇടത്തും അതായത് 40 ശതമാനം മണ്ഡലങ്ങളിലും അഞ്ച് മുതൽ ആറ് മണി വരെയുള്ള വോട്ടിംഗ് രേഖകളില്ല. ജമ്മു കശ്മീരിൽ 90 നിയമസഭാ സീറ്റുകളിൽ 44 ഇടത്തും, ഹരിയാനയിൽ 90-ൽ 22 ഇടത്തും സമാനമായ രീതിയിൽ അവസാന മണിക്കൂറിലെ വിവരങ്ങളില്ല. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48-ൽ 18 മണ്ഡലങ്ങളിലും ഹരിയാനയിലെ പത്തിൽ ഒരിടത്തും ജമ്മു കശ്മീരിലെ അഞ്ചിൽ ഒരിടത്തും ഈ രേഖകൾ ലഭ്യമല്ല.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകിട്ട് അഞ്ച് മണിക്ക് 58.22 ശതമാനമായിരുന്ന പോളിംഗ് പിറ്റേന്ന് 66.05 ശതമാനമായി ഉയർന്നതും ഏകദേശം 76 ലക്ഷം വോട്ടുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയതും വലിയ വിവാദമായിരുന്നു. വോട്ടർമാർ വൈകിട്ട് വൈകി വരിനിന്നതാണ് ഇതിന് കാരണമെന്ന് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എസ്. ചൊക്കലിംഗം വിശദീകരിച്ചിരുന്നു. എന്നാൽ അഞ്ച് മണിക്ക് ശേഷമുള്ള കണക്കുകൾ ലഭ്യമായ 174 സീറ്റുകളിൽ ആകെ 50.87 ലക്ഷം വോട്ടുകൾ മാത്രമാണ് വൈകിട്ട് അഞ്ചിന് ശേഷം രേഖപ്പെടുത്തിയിട്ടുള്ളതെന്നും, 114 സീറ്റുകളിൽ രേഖകളേ ഇല്ലാത്ത സാഹചര്യത്തിൽ ഈ വാദത്തിന് എന്താണ് അടിസ്ഥാനമെന്നും റിപ്പോർട്ടില്‍ സംശയം ഉയര്‍ത്തുന്നുണ്ട്.
മഹാരാഷ്ട്രയിലെ കോപ്രി-പച്ച്പഖാഡി നിയമസഭാ മണ്ഡലത്തിലെ കണക്കുകളും റിപ്പോർട്ടിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവിടെ അഞ്ച് മണി വരെ 1.13 ലക്ഷം വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അന്തിമ കണക്കിൽ ഇത് 2.03 ലക്ഷമായി ഉയർന്നു. അതായത് 366 ബൂത്തുകളിലായി അവസാന ഒരു മണിക്കൂറിൽ 89,878 വോട്ടുകൾ പോൾ ചെയ്യപ്പെട്ടു. ഇത് പ്രകാരം ഓരോ ബൂത്തിലും മിനിറ്റിൽ ശരാശരി നാല് വോട്ടർമാർ വരും. അതായത് ഒരാൾക്ക് വെറും 15 സെക്കൻഡാണ് വോട്ട് ചെയ്യാന്‍ ലഭിക്കുക എന്ന അവിശ്വസനീയമായ വേഗതയിലാണ് വോട്ടിംഗ് നടന്നതെന്ന് കണക്കാക്കേണ്ടി വരുമെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.
റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകൾ വോട്ടെടുപ്പ് ദിനത്തിലെ അപ്പപ്പോഴുള്ള ഓഡിറ്റിംഗിന് തുല്യമാണെന്നും, അവ പിന്നീട് തിരുത്തിയെഴുതുന്നത് ക്രമക്കേടുകൾ കണ്ടെത്താനുള്ള സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ ഈ റിപ്പോര്‍ട്ടില്‍ 'ദ റിപ്പോർട്ടേഴ്സ് കളക്ടീവി'നോട് പ്രതികരിച്ചു. അതേസമയം, അഞ്ച് മണിക്ക് ശേഷമുള്ള ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന പ്രതിപക്ഷ ആവശ്യം നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തള്ളിയിരുന്നു.
തങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അന്വേഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ചോദ്യങ്ങളെ ഒരു പരാതിയായി കണ്ട് പബ്ലിക് ഗ്രീവൻസ് പോർട്ടലിലേക്ക് മാറ്റുകയാണ് കമ്മീഷൻ ചെയ്തതെന്നും, രേഖകൾ രഹസ്യമായി കൈമാറാൻ ആവശ്യപ്പെട്ടുവെന്നും 'ദ റിപ്പോർട്ടേഴ്സ് കളക്ടീവ്' വ്യക്തമാക്കി. നേരത്തെ, 51 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന പരമ്പരയുടെ ആദ്യ ഭാഗത്തോട് പ്രതികരിച്ച കമ്മീഷൻ വോട്ടർമാരുടെയും വോട്ടുകളുടെയും പൂർണ്ണവിവരങ്ങൾ ഓൺലൈൻ ഇൻഡക്സ് കാർഡുകളിൽ ലഭ്യമാണെന്ന് അറിയിച്ചിരുന്നു.